sharad-pawar-and-ajit-paw

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിനും മഹാരാഷ്ട്രയിലെ മുൻ ഉപമുഖ്യമന്ത്രിയും പവാറിന്റെ അനന്തിരവനുമായ അജിത് പവാറിനുമെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് അഴിമതി കേസിലാണ് നടപടി.

ബാങ്കിന്റെ ചെയർമാൻമാരിൽ ഒരാളാണ് അജിത് പവാർ. ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ മാസം മുംബൈ പൊലീസ് എം.എസ്.സി.ബി അഴിമതി കേസിൽ അജിത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. പെസന്റസ് ആൻഡ് വർക്കേഴ്സ് പാർട്ടി (പി.ഡബ്ലിയു.പി) നേതാവ് ജയന്ത് പാട്ടീൽ, സംസ്ഥാനത്തെ 34 ജില്ലകളിലുള്ള ബാങ്കിന്റെ ശാഖകളിലെ 70ഓളം ഉദ്യോഗസ്ഥർ എന്നിവരും പ്രതികളാണ്. 2007നും 2011നുമിടയ്ക്ക് ബാങ്കിന് 1000 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് കേസ്. ബാങ്ക് ലോണുകൾ നൽകിയതിൽ ക്രമക്കേടുണ്ടെന്നും പലിശരഹിത ലോണുകൾ നൽകിയെന്നും ഇ.ഡി ആരോപിക്കുന്നു. . മഹാരാഷട്ര സഹകരണ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷന്റെ ചാർജ് ഷീറ്റിലും നബാർഡ് നടത്തിയ പരിശോധനയിലും പവാറിന്റേയും മറ്റ് പ്രതികളുടേയും പങ്ക് വ്യക്തമാക്കിയിരുന്നു. ആക്ടിവിസ്റ്റ് സുരീന്ദർ അറോറയാണ് 2015ൽ ഇത് സംബന്ധിച്ച് കോടതിയെ സമീപിക്കുന്നത്. കൂടാതെ, നബാർഡിന്റെ റിപ്പോർട്ട് പ്രകാരം, 2011 മേയിൽ ആർ.ബി.ഐ ബാങ്കിന്റെ ബോർഡ് ഒഫ് ഡയറക്ടേഴ്സിനെ നീക്കി പകരം മറ്റൊരു കാര്യനിർവാഹകനെ നിയമിക്കുകയായിരുന്നു. ഒക്ടോബർ 21ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂട് പിടിച്ച് നിൽക്കെയാണ്, എൻ.സി.പി നേതാക്കൾക്കെതിരായ എൻഫോഴ്സ്‌മെന്റ് നടപടി.

സഹകരണ മേഖലയിലെ പഞ്ചസാര മില്ലുകൾക്ക് ലോൺ അനുവദിച്ചതിലടക്കമുള്ള ക്രമക്കേടുകൾ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ മാസം അജിത്ത് പവാർ അടക്കമുള്ളവർക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. പാപ്പരായ മില്ലുകൾക്ക് അനധികൃതമായി ലോൺ നൽകിയെന്നും പഞ്ചസാര മില്ലുകൾ വിവിധ രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലാണുള്ളത് എന്നും എൻഫോഴ്സ്‌മെന്റ് ആരോപിക്കുന്നു.