surveen-chawla

കാസ്റ്റിംഗ് കൗച്ച് സിനിമാരംഗത്ത് നിലവിലുള്ള കാര്യം ഇന്ന് വലിയ രഹസ്യമൊന്നുമല്ല. നിരവധി ചലച്ചിത്ര നടിമാരാണ് തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് രംഗത്ത് വന്നിട്ടുള്ളത്. എന്നിരുന്നാലും ഇപ്പോഴും നടിമാരെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമം നടത്തുന്നവർ സിനിമാരംഗത്തുണ്ട് എന്നതാണ് സങ്കടകരമായ വസ്തുത. ഇത്തരത്തിൽ താൻ നേരിട്ട ഒരു മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഉത്തരേന്ത്യൻ നടിയായ സുർവീൺ ചൗള.

ഹിന്ദി, പഞ്ചാബി, കന്നഡ, തെലുങ്ക് ഭാഷകളിലുള്ള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സുർവീൺ തനിക്ക് മൂന്ന് തവണ തെന്നിന്ത്യയിൽ നിന്നും രണ്ടുതവണ ബോളിവുഡിൽ നിന്നും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.

ദേശീയ അവാർഡ് നേടിയ ഒരു യുവസംവിധായകൻ തന്നെ ഔദ്യോഗികമായ ആവശ്യത്തിനല്ലാതെ മുംബയിലേക്ക് വിളിച്ചുവെന്നും തന്നോട് അപമര്യാദയായി പെരുമാറിയെന്നും സുർവീൺ പറയുന്നു. പിന്നീട് അയാളുടെ സിനിമയിൽ നിന്നും താൻ പിന്മാറുകയായിരുന്നു എന്നും സുർവീൺ ചൗള വെളിപ്പെടുത്തി.

മറ്റൊരു തെന്നിന്ത്യൻ സംവിധായകന് തന്റെ ഉടലിന്റെ അളവുകളായിരുന്നു അറിയേണ്ടിയിരുന്നത്. എന്നാൽ തന്റെ നിലപാട് വ്യക്തമാക്കിയ ശേഷം അയാളുടെ ചിത്രത്തിൽ അഭിനയിച്ചില്ല. സുർവീൺ ചൗള പറയുന്നു. ബോളിവുഡിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല സ്ഥിതി.

കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടുതവണ ബോളിവുഡിൽ കാസ്റ്റിംഗ് കൗച്ചിനെ നേരിടേണ്ടതായി വന്നതായും സുർവീൺ ചൗള പറയുന്നു. ഇതിൽ ഒരു തവണ സിനിമയുടെ കാര്യം ചർച്ച ചെയ്യാനായി വന്ന ഒരു സംവിധായകൻ തന്റെ ക്‌ളീവജ് കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും മറ്റൊരാൾ തന്റെ തുടകൾ അയാൾക്ക് മുൻപിൽ അനാവൃതമാക്കാൻ ആവശ്യപ്പെട്ടുവെന്നും സുർവീൺ ചൗള പറയുന്നു.

ഇതുകൂടാതെ കടുത്ത ബോഡി ഷെയ്‌മിങ്ങും താൻ നേരിട്ടിട്ടുള്ളതായി നടി പറഞ്ഞു. ആ സമയത്ത് 56 കിലോ മാത്രം ഭാരമുണ്ടായിരുന്നു തന്നോട് തടി കൂടുതലാണെന്നും അത് കുറയ്‌ക്കണമെന്നും ഒരു സംവിധായകൻ ആവശ്യപ്പെട്ടതായി സുർവീൺ ചൗള പറഞ്ഞു. ടെലിവിഷൻ ഷോകളിലും നിരന്തര സാന്നിദ്ധ്യമായ സുർവീൺ ഇന്ന് ഒരു പെൺകുഞ്ഞിന്റെ അമ്മയാണ്.