ആദ്യ ട്വന്റി - 20 യിൽ 11 റൺസിന് ദക്ഷിണാഫ്രിക്കെ തോൽപ്പിച്ചു
സൂററ്റ് : ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് മത്സര പരമ്പരയിലെ ആദ്യ ട്വന്റി - 20 യിൽ 11 റൺസ് വിജയം നേടി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം.
സൂററ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 19.5 ഒാവറിൽ 119ൽ ആൾഒൗട്ടായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പൂനം യാദവും രാധാ യാദവും ശിഖാ പാണ്ഡേയുമാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.
43 റൺസെടുത്ത ക്യാപ്ടൻ ഹർമൻപ്രീത് കൗറിന് മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങാനായത്. ആദ്യ ഓവറിലെ നാലാം പന്തിൽ റൺസെടുക്കുന്നതിന് മുമ്പു തന്നെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 15 കാരി ഷെഫാലി വെർമ്മയ്ക്ക് അരങ്ങേറ്റ അവസരം നൽകിയെങ്കിലും ഓപ്പണറായി ഇറങ്ങി ആദ്യ ഇന്നിംഗ്സിൽ ഡക്കാവുകയായിരുന്നു. തുടർന്ന് സ്മൃതി മന്ദാനയും (21), ജെമീമ റോഡ്രിഗസും (19) ചേർന്ന് മുന്നോട്ടു നീങ്ങിയെങ്കിലും ആറാം ഓവറിൽ ടീം സ്കോർ 28ൽ നിൽക്കവെ സ്മൃതി പുറത്തായി. പകരമിറങ്ങിയ ക്യാപ്ടൻ ഹർമാൻ പ്രീത് കൗർ പിടിച്ചു നിന്നത് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു.
10-ാം ഓവറിൽ ജെമീമ പുറത്തായി. 16-ാം ഓവറിൽ ദീപ്തി ശർമ്മ (16)യും ഹർമൻ പ്രീതും പുറത്തായതോടെ ഇന്ത്യ 105/5 എന്ന നിലയിലായി. നദീൻ ഡീ ക്ളെർക്കാണ് രണ്ട് പന്തുകളുടെ ഇടവേളയിൽ ഇരുവരെയും മടക്കി അയച്ചത്. തുടർന്ന് വേദ കൃഷ്ണമൂർത്തി (10), പുജാ വസ്ത്രാകർ (1), രാധാ യാദവ് (1) എന്നിവരെയും ഇന്ത്യയ്ക്ക് നഷ്ടമായി. താനിയ ഭാട്യ 11 റൺസുമായി പുറത്താകാതെ നിന്നു. 34 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കമാണ് ഹർമൻ പ്രീത് 43 റൺസ് നേടിയത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഷബ്നിം ഇസ്മായിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. നാദീൻ ഡി ക്ളർക്കിന് രണ്ട് വിക്കറ്റ് ലഭിച്ചു.