വിവാദ സ്വമി നിത്യാനന്ദക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ശിഷ്യ സാറാ സ്‌റ്റെഫാനി ലാൻഡറിയ രംഗത്ത്. നിത്യാനന്ദയുടെ ആശ്രമത്തിൽ കൊച്ചുകുട്ടികളെ പീഡനത്തിനിരാക്കുന്നുവെന്നും അതിന് മുൻകെെയെടുക്കുന്ന നടിയും നിത്യാനന്ദയുടെ സഹായിയുമായ രഞ്ജിതയാണെന്നും കനേഡിയൻ സ്വദേശിയായ സാറാ സ്‌റ്റെഫാനി ലാൻഡറിയ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സാറാ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
നിത്യാനന്ദ ആശ്രമത്തിൽ കൊച്ചു കൂട്ടികളെ പീഡനത്തിന് ഇരയാകുന്നു. ഇതിന് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത് മുൻപ് നിത്യാനന്ദയ്‌ക്കൊപ്പം വിവാദങ്ങളിൽ നിറഞ്ഞ നടി രഞ്ജിതയാണെന്നും അവർ പറയുന്നു. താൻ ഏഴ് വർഷത്തോളം നിത്യാനന്ദയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്നു. ശ്രീ നിത്യാനന്ദ സ്വരൂപ പ്രിയാനന്ദ എന്നായിരുന്നു ആശ്രമത്തിലെ പേര്. അവിടെ വച്ച് പതിമൂന്ന് വയസുള്ള ഒരു ആൺകുട്ടിയും പെൺകുട്ടിയുമാണ് പീഡനത്തെക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് സാറ വീഡിയോയിൽ പറയുന്നു.
ഇതിനെല്ലാം മുൻകെെ എടുക്കുന്നത് രഞ്ജിതയാണ്. രഹസ്യ പരിശീലനങ്ങൾ എന്ന പേരിലാണ് കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നത്. കുടിവെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിട്ടും പണിയെടുപ്പിച്ചുമാണ് കുട്ടികളെ പീഡനത്തിന് സമ്മതിപ്പിക്കുന്നതെന്നും സാറ പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ രഞ്ജിതയോട് പറഞ്ഞെങ്കിലും അവർ ഒരു നടപടിയും എടുത്തില്ല. ഒടുവിൽ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് സാറ പറഞ്ഞു.