ന്യൂഡൽഹി : 2018 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും ഇന്ത്യയും തമ്മിൽ അടുത്ത വർഷം ഇന്ത്യയിൽ വച്ച് സൗഹൃദ ഫുട്ബാൾ മത്സരം നടക്കാനുള്ള സാദ്ധ്യതയേറി. മത്സരത്തിന്റെ പ്രാഥമിക ചർച്ചകൾക്കായി ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് കഴിഞ്ഞ ദിവസം ക്രൊയേഷ്യ സന്ദർശിച്ചിരുന്നു. ക്രൊയേഷ്യൻ ഫുട്ബാൾ ഫെഡറേഷനിൽ നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് കുശാൽ ദാസ് പറഞ്ഞു.
ക്രൊയേഷ്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റും 1998 ലോകകപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവായ ഡേവർ സുകേറുമായാണ് കുശാൽ ദാസ് ചർച്ച നടത്തിയത്. തുടർ ചർച്ചകൾക്കും ധാരണാ പത്രം ഒപ്പിടാനുമായി സുകേറും സംഘവും നവംബർ 27 ന് ഇന്ത്യയിലെത്തുമെന്നും കുശാൽ ദാസ് അറിയിച്ചിട്ടുണ്ട്.
ക്രൊയേഷ്യക്കാരനായ ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ ശ്രമഫലമായാണ് ഈ നീക്കം. 2020 മാർച്ചിൽ ഇന്ത്യയും ക്രൊയേഷ്യയും തമ്മിലുള്ള മത്സരം നടത്താനാണ് ആലോചന. 2020 മാർച്ചിൽ ഇന്ത്യയ്ക്ക് ഖത്തറുമായി ലോകകപ്പ് യോഗ്യതാ മത്സരവുമുണ്ട്. ഇൗമാസമാദ്യം നടന്നലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഖത്തറിൽ ചെന്ന് അവരെ ഗോൾ രഹിത സമനിലയിൽ തളച്ചിരുന്നു.