മുംബയ്: യുവതിയെ മൊബൈൽ ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബയിലാണ് സംഭവം നടന്നത്. കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്ത ഗണേഷ് ടിക്കത്തെ എന്ന മുപ്പത്തഞ്ചുകാരനാണ് മുംബയ് പൊലീസിന്റെ പിടിയിലായത്. മുംബൈയിലെ വൺറായി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഞായറാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത് .അന്ധേരിയിലെ ഒരു ഹോസ്റ്റലിലെ ജീവനക്കാരനാണ് ടിക്കത്തെ. ഗോറേഗാവിലെ കോളേജിൽ അഡ്മിഷൻ നേടുന്നതിനായി എത്തിയപ്പോഴാണ് ഇയാൾ പെൺകുട്ടിയെ ആദ്യമായി കാണുന്നത്.
പ്രവേശന അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനിടെ അഡ്‌മിഷൻ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പെൺകുട്ടിയുടെ കൈയിൽ നിന്നും അവളുടെ ഫോൺ നമ്പർ വാങ്ങുന്നത്.നമ്പർ കൈക്കലാക്കിയ ടിക്കത്തെ പിന്നീട് യുവതിയെ നിരന്തം വിളിക്കുകയുണ്ടായി. എപ്പോൾ വിളിച്ചാലും താൻ ധരിച്ചിരിക്കുന്ന അടിവസ്‌ത്രങ്ങളുടെ നിറം എന്താണെന്നാണ് ഇയാൾ ചോദിക്കുന്നതെന്ന് പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഇയാൾ ഇതിൽ നിന്നും പിന്തിരിയാൻ തയാറായില്ലെന്നും പെൺകുട്ടി പറയുന്നു. ഈയിടെ ബ്യൂട്ടീഷൻ കോഴ്‌സിനുള്ള പ്രവേശന പരീക്ഷയ്ക്ക് ഹാജരാകാൻ പോയപ്പോഴും പ്രതി യുവതിയെ വിളിച്ച് ഇതേ ചോദ്യം ആവർത്തിച്ചു. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിക്കാൻ യുവതി തീരുമാനിച്ചത്. നിലവിൽ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.