ന്യൂയോർക്ക്: ഇന്ത്യ യു.എസ് വ്യാപാര കരാറിനെക്കുറിച്ച് സജീവമായി ആലോചിക്കുകയാണെന്നും ഉടൻ തന്നെ ഇരുരാജ്യങ്ങളും വലിയൊരു കരാറിലേർപ്പെടുമെന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തുകയായിരുന്നു ട്രംപ്. ഹൂസ്റ്റണിലെ 'ഹൗഡി മോദി' പരിപാടിയുടെ ജയത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും നയതന്ത്ര ചർച്ചകൾക്കായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്.
ഹൂസ്റ്റണിലെ പരിപാടിയിൽ പങ്കെടുത്തതിന് മോദി ട്രംപിന് പ്രത്യേകം നന്ദി രേഖപ്പെടുത്തി.
'ട്രംപ് എന്റെ സുഹൃത്താണ്. അതിലേറെ അദ്ദേഹം ഇന്ത്യയുടെ വളരെ നല്ല സുഹൃത്താണ്'- മോദി പറഞ്ഞു.
ഹൂസ്റ്റണിലെ പരിപാടികൾക്ക് ശേഷം ഇന്ത്യയോടുള്ള അമേരിക്കയുടെ നയത്തിൽ മാറ്റം വന്നുവെന്ന സൂചന നൽകിയാണ് ട്രംപ് സംസാരിച്ചത്.
' പ്രധാനമന്ത്രി മോദിയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും വളരെ നല്ല മനുഷ്യരാണ്. പാകിസ്ഥാനേക്കാൾ ഭീകരത കൂടുതൽ ഇറാനിലാണ്. ഇമ്രാനും മോദിയും നേരിട്ട് കണ്ട് സംസാരിച്ചാൽ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകും. കാശ്മീരിന്റെ കാര്യത്തിൽ ഇരുവരും ഒന്നിച്ചു പ്രവർത്തിക്കാനായാൽ ഗുണകരമാകും.' ട്രംപ് പറഞ്ഞു. സ്വന്തം രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുന്ന കാര്യത്തിൽ തന്റെ നിലപാട് ഹൂസ്റ്റണിൽ മോദി തുറന്നു പറഞ്ഞിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനാവുമെന്നും ട്രംപ് പറഞ്ഞു.
മോദി ഇന്ത്യയുടെ രാഷ്ട്ര പിതാവ്
' പ്രധാനമന്ത്രി നരേന്ദ്രമോദിയോട് എനിക്ക് ഒരുപാട് ഇഷ്ടവും ബഹുമാനമുണ്ട്. ഞാനറിയുന്ന ഇന്ത്യയിൽ പലതരം ഭിന്നതകളും ആഭ്യന്തര പ്രശ്നങ്ങളും നിലനിന്നിരുന്നു. എന്നാൽ ഇന്ന് ഒരു പിതാവിനെ എന്ന പോലെ മോദി തന്റെ രാജ്യത്തെ ഒന്നിച്ചു നിറുത്തുകയാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് നമുക്ക് അദ്ദേഹത്തെ വിളിക്കാം'- ട്രംപ് പറഞ്ഞു.
മദ്ധ്യസ്ഥത വഹിക്കാം
കാശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കത്തിൽ മദ്ധ്യസ്ഥത വഹിക്കാമെന്ന് ആവർത്തിച്ച് ട്രംപ്. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അവർ ഇന്ത്യയുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഞാൻ സഹായിക്കാൻ തയ്യാറാണ്. അത് രണ്ട് പേരും ആവശ്യപ്പെടുകയാണെങ്കിൽ മാത്രം. വളരെ വ്യത്യസ്തമായ കാഴ്ചപാടാണ് ഇരു രാജ്യങ്ങൾക്കുമുള്ളത്. അതിൽ തനിക്ക് ആശങ്കയുണ്ടെന്നും ട്രംപ് പറഞ്ഞു.