earthqauke

ലാഹോർ: വടക്കൻ പാകിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ 23 പേർ കൊല്ലപ്പെട്ടു. മുന്നൂറിലധികം പേർക്ക് പരിക്കേറ്റു. എട്ട് മുതൽ പത്ത് വരെ സെക്കൻഡ് നേരം നീണ്ടുനിന്ന ഭൂചലനത്തിൽ വടക്കൻ പാകിസ്ഥാനിലെ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും റോഡുകളും നശിച്ചു. മരണപ്പെട്ടവരുടെ എണ്ണം ഇനിയും ഉയർന്നേക്കാം എന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് നാല് മുപ്പത്തിയഞ്ചോടെ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹി ഉൾപ്പെടെയുള്ള വടക്കേന്ത്യൻ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിരുന്നു. കാശ്മീരിലും, ചണ്ഡിഗറിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ എത്തിയിരുന്നു.

റിക്ടർ സ്കെയിലിൽ 5.8 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇസ്ലാമാബാദ്, പാക് അധീന കാശ്മീരിലെ മിറാപൂർ, പെഷവാർ, റാവൽപ്പിണ്ടി, ലാഹോർ, സിയാകോട്ട്, സർഗോദ, മൽഷേറാ, ഗുജറാട്ട്, ചിത്രൽ, മാൽഖണ്ഡ്, മുൾട്ടാൻ, ഷാങ്‌ല, ബാജൂർ, സ്വാട്ട്, സഹിവാൽ, റഹിം യാർ ഖാൻ എന്നീ പ്രദേശങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ റിക്ടർ സ്‌കെയിൽ 6.1 വരെയുള്ള തോതിൽ ഭൂചലനം അനുഭവപ്പെട്ടു എന്നും വിവരമുണ്ട്. ഇസ്ലാമാബാദ്, ലാഹോർ ഉൾപ്പെടെയുള്ള നഗരങ്ങളിലും പാക് അധിനിവേശ കാശ്മീരിലും, ഖൈബർ പഷ്തൂൺ പ്രദേശങ്ങളിലും വൻ ഭൂചലനമുണ്ടായി എന്നും വാർത്ത പുറത്തുവരുന്നുണ്ട്. 173 കിലോമീറ്റർ ചുറ്റളവിൽ ഭൂചലനം ഉണ്ടായെന്നാണ് ലഭിക്കുന്ന വിവരം.