പ്രോട്ടീൻ അപര്യാപ്തതയും ഹോർമോൺ വ്യതിയാനങ്ങളും മാനസിക സമ്മർദ്ദവും ഉറക്കക്കുറവും താരനും കാരണം മുടികൊഴിയാനും മുടിയുടെ ആരോഗ്യം നഷ്ടപ്പെടാനും ഇടയാകുന്നുണ്ട്. ഇതിനു പുറമേ ഫാഷൻ രീതികളിൽ പലതും മുടിയുടെ ആരോഗ്യം നശിക്കാനും കൊഴിച്ചിലിനും കാരണമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിറങ്ങൾ, ബ്ലീച്ച് എന്നിവയുടെ ഉപയോഗം മുടിയുടെ ആരോഗ്യം നഷ്ടപ്പെടുത്തി കൊഴിച്ചിലുണ്ടാക്കും. പതിവായി ഹെയർ ഡ്രൈയർ ഉപയോഗിക്കുന്നതും ഹീറ്റർ, സ്ട്രെയ്റ്റ്നർ എന്നിവയുടെ ഉപയോഗവും മുടിയുടെ ആരോഗ്യത്തിന് ഹാനികരമാണ്. വീര്യം കൂടിയ ഷാംപൂ മുടിയുടെ ആരോഗ്യം നശിപ്പിക്കും. ഏതുതരം ഷാംപൂവും വെള്ളത്തിൽ കലർത്തി നേർമ്മ വരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക. പല ബ്രാൻഡുകളുടെ ഷാംപൂ മാറിമാറി ഉപയോഗിക്കുന്നതും അപകടമാണ്. കഴിവതും പ്രകൃതിദത്തമായ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കാൻ ശ്രമിക്കുക. മുടി വേഗത്തിൽ ചീകുന്നത് മുടി പൊട്ടിപ്പോകാൻ കാരണമാകും. നനഞ്ഞ മുടി ചീകുന്നതും മുടിക്ക് ദോഷകരമാണ്.