piravam-church

പിറവം: പിറവം സെയ്ന്റ് മേരീസ് പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വൻ സംഘർഷാവസ്ഥ. പള്ളിക്കകത്ത് പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം ഗേറ്റിനു മുന്നിൽ തടഞ്ഞു. ഓർത്തഡോക്‌സാ വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കില്ലെന്നാണ് നിരണം ഭദ്രസനാധിപന്റെ പ്രതികരണം. പ്രായമായ സ്ത്രീകളടക്കം നിരവധി പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയിരിക്കുന്നത്. കഴിഞ്ഞദിവസം തന്നെ യാക്കോബായക്കാർ പള്ളിക്കകത്ത് നിലയുറപ്പിച്ചിരുന്നു.

രാവിലെ ഏഴുമണിയോടെ പള്ളിയിൽ പ്രവേശിക്കുമെന്ന് ഓർത്തഡോക്സ് വിഭാഗം അറിയിച്ചിരുന്ന പ്രകാരം റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ട് കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ടു തന്നെ പിറവത്ത് വൻ പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. രാത്രി ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയും ഏതാനും മെത്രാപ്പോലീത്തമാരും വലിയ പള്ളിയിലെത്തി പള്ളിക്കകത്ത് പ്രാർത്ഥന നടത്തി. തുടർന്ന് അവർ വിശ്വാസികൾക്കൊപ്പം പള്ളിക്കകത്തിരുന്നു.

എഴുനൂറിലേറെ വരുന്ന പൊലീസുകാരുടെ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ജല പീരങ്കിയും ബാരിക്കേഡുകളും സജ്ജമാക്കിയിട്ടുണ്ട്. അഗ്നിരക്ഷാ സേനയ്‌ക്കൊപ്പം സ്‌കൂബ ടീമിനെയും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. ആർ.ഡി.ഒ. യുടെ നേതൃത്വത്തിൽ റവന്യു വകുപ്പ് സംഘവും സ്ഥലത്തുണ്ട്. പിറവത്ത് പുഴയുടെ തീരത്താണ് വലിയ പള്ളി. ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നായി നാല് ബോട്ടുകളും പിറവത്തെത്തിച്ചിട്ടുണ്ട്.

പിറവം പള്ളിയിൽ ആരാധന നടത്താൻ സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗത്തിൽ നിന്ന് ഫാ. സ്‌കറിയ വട്ടക്കാട്ടിൽ, ഫാ. മാത്യു കാഞ്ഞിരം പാറയിൽ, ഫാ. ഏലിയാസ് ചെറുകാട്, ഫാ. മാത്യു വാതക്കാട്ട് എന്നിവരാണ് കോടതിയെ സമീപിച്ചത്.