വാഷിംഗ്ടൺ: പാകിസ്ഥാൻ ഭീകരതയെ കെെകാര്യം ചെയ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കറിയാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യ -യുഎസ് വ്യാപാര കരാർ ഉടൻ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യരാഷ്ട്ര സംഘടന പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്കുശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതിർത്തി കടന്നുള്ള ഭീകരതയെ കുറിച്ച് പാകിസ്ഥാന് ഇനി ഒരു സന്ദേശവും നൽകേണ്ടതില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മോദി പാക്കിസ്ഥാന് ശക്തവും വ്യക്തവുമായ സന്ദേശം നൽകിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ–പാക്ക് ബന്ധം മെച്ചപ്പെടുത്താൻ മോദിയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഒരുമിച്ചു പ്രവർത്തിച്ചു പരിഹാര മാർഗം കണ്ടെത്തുമെന്നും യു.എസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഇറാനാണ് ഭീകരത കയറ്റി അയയ്ക്കുന്നതിൽ ഒന്നാമതുള്ളതെന്നും ട്രംപ് പറഞ്ഞു. ഭീകരസംഘടനയായ അൽഖ്വയ്ദയ്‌ക്ക് പാകിസ്ഥാൻ പട്ടാളം പരിശീലനം നൽകിയിരുന്നെന്ന പാക് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ചും ട്രംപ് വിശദീകരിച്ചു.
എന്നാൽ, ഈ പ്രശ്നത്തിൽ താനല്ല, മോദിയാണ് സന്ദേശം നൽകേണ്ടതെന്നായിരുന്നു ട്രംപിന്റെ മറുപടി. കാര്യങ്ങളെ കൈകാര്യം ചെയ്യാൻ മോദിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 30 വർഷത്തിനിടയിൽ 40,000 ജീവനുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടതെന്ന കാര്യം മോദി ചൂണ്ടിക്കാട്ടി. പാകിസ്ഥാനുമായി അടുപ്പം കാണിക്കുമ്പോഴെല്ലാം തങ്ങൾക്ക് കിട്ടിയിരുന്നത് തിരിച്ചടികൾ മാത്രമാണെന്ന വസ്തുതയും മോദി വിവരിച്ചു.
2014ൽ കാര്യമായ സുരക്ഷാ സന്നാഹങ്ങളൊന്നുമില്ലാതെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ താൻ പോയ സംഭവം മോദി വിവരിച്ചു. ഇതിന് പ്രതിഫലമെന്നോണം തങ്ങൾക്ക് കിട്ടിയത് പത്താൻകോട്ട് ആക്രമണമായിരുന്നെന്നും മോദി പറഞ്ഞു. ഹൂസ്റ്റണിൽ നടന്ന ‘ഹൗഡി മോദി’ പരിപാടിക്ക് ശേഷം യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയപ്പോൾ ആണ് ഇരു നേതാക്കളും വീണ്ടും കൂടിക്കാഴ്ച നടത്തിയത്.