ന്യൂഡൽഹി: കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യയിൽ ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനിടെ ആളില്ലാ വിമാനം ഉപയോഗിച്ച് പഞ്ചാബിലെ ഇന്ത്യാ - പാക് അതിർത്തിയിൽ മാരകായുധങ്ങൾ എത്തിച്ചതായി റിപ്പോർട്ട്. പഞ്ചാബിലെ ഖാലിസ്ഥാൻ തീവ്രവാദികൾക്ക് വേണ്ടി പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെ സഹായത്തോടെ പാകിസ്ഥാൻ ഡ്രോണുകളാണ് ആയുധങ്ങളെത്തിച്ചത്. സാറ്റലൈറ്റ് ഫോണുകൾ അടക്കമുള്ള നിരോധിത വസ്‌തുക്കളുമായി 10 ദിവസത്തിനിടെ എട്ട് തവണ പാക് ഡ്രോണുകൾ ഇന്ത്യൻ അതിർത്തി കടന്നതായാണ് പഞ്ചാബ് പൊലീസ് നൽകുന്ന വിവരം. കാശ്‌മീരിൽ അടക്കം വൻ കലാപത്തിന് ലക്ഷ്യമിട്ടാണ് തീവ്രവാദികളുടെ നീക്കമെന്നും പഞ്ചാബ് പൊലീസ് വ്യക്തമാക്കുന്നു. ഏതാണ്ട് അഞ്ച് മുതൽ പത്ത് കിലോ വരെ ഭാരം വഹിക്കാൻ കഴിയുന്ന ഡ്രോണുകൾക്ക് നിരീക്ഷണ സംവിധാനത്തിന്റെ കണ്ണിൽപെടാതെ അതിവേഗതയിൽ താഴ്ന്ന് പറന്ന് ലക്ഷ്യസ്ഥാനത്തെത്തി മടങ്ങാൻ കഴിയും. ഇവ ചൈനീസ് നിർമിതമാണെന്നാണ് കരുതുന്നത്.
ഇന്ത്യയിൽ സിവിലിയൻ ഉപയോഗം നിരോധിച്ചിട്ടുള്ള സാറ്റലൈറ്റ് ഫോണുകളുടെ സാന്നിധ്യം പഞ്ചാബ് അതിർത്തിയിൽ നിന്നും തിരിച്ചറിഞ്ഞതാണ് ഇന്ത്യയിലേക്ക് പാകിസ്ഥാൻ ആയുധം കടത്തിയെന്ന സംശയം ബലപ്പെടുത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ നിരവധി തവണ ഇന്ത്യയിലേക്ക് പാക് ഡ്രോണുകൾ ആയുധങ്ങൾ എത്തിച്ചെന്ന് കണ്ടെത്തി. പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്ന കാശ്‌മീരിൽ വിതരണം ചെയ്യാനാണ് ഈ ആയുധങ്ങൾ എത്തിച്ചതെന്നാണ് കരുതുന്നത്. ഇവ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
അതേസമയം, പാകിസ്ഥാനിൽ നിന്നും ആയുധങ്ങൾ എത്തിച്ചതിന് ഖാലിസ്ഥാൻ സിന്ധാബാദ് ഫോഴ്സിലെ നാള് അംഗങ്ങളെ തിങ്കളാഴ്‌ച പഞ്ചാബ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇവരിൽ നിന്നും ആയുധങ്ങളും 10 ലക്ഷം രൂപയുടെ വ്യാജ കറൻസികളും കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബ് രജിസ്ട്രേഷനിലുള്ള വെളുത്ത സ്വിഫ്‌റ്റ് കാറിൽ സഞ്ചരിക്കുമ്പോഴാണ് ഇവരെ പഞ്ചാബ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ആഗസ്‌തിലും പഞ്ചാബ് പൊലീസ് അമൃത്‌സറിലെ പാക് അതിർത്തി പ്രദേശത്ത് നിന്നും സമാന രീതിയിൽ ആയുധങ്ങൾ കണ്ടെത്തിയിരുന്നു. കാശ്‌മീരിലെ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കത്തിന് പിന്നാലെയാണ് പാകിസ്ഥാനിൽ നിന്നും ആയുധക്കടത്ത് വർദ്ധിച്ചതെന്നാണ് പഞ്ചാബ് പൊലീസിന്റെ അനുമാനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ കേന്ദ്ര അന്വേഷണ ഏജൻസിയെ (എൻ.ഐ.എ) സമീപിച്ചതായും പഞ്ചാബ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
അതിനിടെ അതിർത്തിയിലെ പാക് ആയുധക്കടത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിംഗ് ഇന്നലെ രംഗത്തെത്തിയിരുന്നു. തന്റെ ട്വീറ്റിൽ അമിത് ഷായെ മെൻഷൻ ചെയ്തുകൊണ്ടാണ് പഞ്ചാബ് മുഖ്യമന്ത്രി ഈ അഭ്യർത്ഥന നടത്തിയത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനുള ഇന്ത്യയുടെ തീരുമാനത്തിനോടുള്ള പാകിസ്ഥാന്റെ പ്രതികരണമാണ് ഇപ്പോഴത്തെ നീക്കം അതിർത്തി പ്രദേശങ്ങളിൽ ആയുധങ്ങൾ എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം ഇന്ത്യയ്‌ക്കെതിരെയുള്ള അവരുടെ നീക്കങ്ങൾക്ക് പ്രത്യേക മാനം നൽകുന്നതായും അമരീന്ദർ സിംഗ് അഭിപ്രായപ്പെട്ടിരുന്നു.