modi-shah

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും നേരെ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. കാശ്മീർ,​പത്താൻകോട്ട് തുടങ്ങി രാജ്യത്തെ 30 പ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിന് ലക്ഷ്യമിടുന്നതായും രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകി. പാക് ചാരസംഘടനയായ ഐസിസിന്റെ പിന്തുണയോടെ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദാണ് ആക്രമണം നടത്താൻ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.

ഇതുസംബന്ധിച്ച വിവരം കേന്ദ്രആഭ്യന്തമന്ത്രാലയത്തിന് കൈമാറി. ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കെതിരെ പ്രതികാരനടപടി പരാമർശിക്കുന്ന കത്ത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിക്ക് ചോർന്ന് കിട്ടിയിരുന്നു. ഇതിലാണ് ഇവർക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയുള്ളതായി വ്യക്തമാകുന്നത്.

രാജ്യത്തിന്റെ പല ഭാഗത്തും കാശ്മീരിലെ സൈനിക വ്യൂഹങ്ങൾക്കും സേനയുടെ താവളങ്ങൾക്കും ചെക്ക് പോസ്റ്റുകൾ അടക്കമുള്ള ഇടങ്ങളിൽ ആക്രമണം നടത്താൻ വേണ്ടിയുള്ള ചാവേറുകളെ തയ്യാറാക്കിയതായായും റിപ്പോർട്ടുണ്ട്. തുടർന്ന് ഭീഷണിയുള്ള നഗരങ്ങളിൽ സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നാല് വ്യോമ കേന്ദ്രങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്.