തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ മേയർ വി.കെ പ്രശാന്തിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തു.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പ്രശാന്തിനെ സ്ഥാനാർത്ഥിയായി ശുപാർശ ചെയ്തിരുന്നു. മേയർ എന്ന നിലയിലുള്ള മികച്ച പ്രവർത്തനവും യുവനേതാവ് എന്ന പരിഗണനയുമാണ് വി.കെ പ്രശാന്തിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചതിന് കാരണം.
ഈ വർഷം പ്രളയമുണ്ടായപ്പൾ സാഹയമെത്തിക്കുന്നതിനുള്ള സാധനസാമഗ്രികൾ സമാഹരിച്ചതിന്റെ പേരിൽ വലിയ അഭിന്ദനങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. യുവജനങ്ങൾക്കിടയിൽ പ്രശാന്തിന് നല്ല പിന്തുണയുള്ളതിനാൽ മികച്ച വിജയം നേടാൻ കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്.
ജില്ലാ സെക്രട്ടറിയേറ്റ് ഒന്നാമതായി നൽകിയിരിക്കുന്നത് വി.കെ പ്രശാന്തിന്റെ പേരും രണ്ടാമതായി നൽകിയിരിക്കുന്നത് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന്റെ പേരുമാണ്. വി. ശിവൻകുട്ടിയോട് മത്സരിക്കാൻ താൽപര്യമുണ്ടോ എന്ന കാര്യം ജില്ലാ സെക്രട്ടറിയേറ്റ് ചോദിച്ചിരുന്നു. എന്നാൽ, അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്.
വട്ടിയൂർക്കാവ് മണ്ഡലം പിറന്ന നാൾ മുതൽ ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലം കൂടിയാണ്. ഇതോടെ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. അതേസമയം, വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി നിർണയത്തിൽ മറ്റ് പല ഘടകങ്ങളുമുണ്ട്. പ്രത്യേകിച്ച് നായർ-ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഏറെ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് വട്ടിയൂർക്കാവ്. എന്നാൽ, സാമുദായികസമവാക്യങ്ങൾ മാറ്റിവച്ച് മികച്ച സ്ഥാനാർത്ഥിയെ അവതരിപ്പിച്ച് പരീക്ഷണത്തിന് സി.പി.എം തീരുമാനിക്കുകയായിരുന്നു.
നായര്‍ സമുദായത്തിൽപ്പെട്ടവർ 42 ശതമാനമുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. എന്നാൽ, മേയർ എന്ന നിലയിലുള്ള മികച്ച പ്രതിച്ഛായയും പ്രളയകാലത്ത് സഹായങ്ങൾ ലഭ്യമാക്കാൻ മുന്നിട്ടിറങ്ങിയതും യുവജനങ്ങൾക്കിടയിൽ ഉള്ള സ്വീകാര്യതയും കണക്കുകൂട്ടിയാണ് ജാതിസമവാക്യങ്ങൾ മാറ്റിവച്ച് പ്രശാന്തിലേക്ക് പാർട്ടി എത്തിയത്. കൂടാതെ കോർപ്പറേഷന്റെ പരിധിയിലുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. പ്രളയ സമയത്ത് നടത്തിയ പ്രവർത്തനങ്ങളിൽ പ്രശാന്തിനുണ്ടായ അംഗീകാരം വോട്ടാക്കിമാറ്റാനാകുമെന്നാണ് സി.പി.എം ജില്ലാ ഘടകത്തിന്റെ പ്രതീക്ഷ.