തിരുവനന്തപുരം: കെ.മുരളീധരൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവ് വന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് പീതാംബര കുറുപ്പിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് പ്രാദേശിക ഘടകം രംഗത്ത്. വർഷങ്ങളായി കെ.മുരളീധരൻ പൊന്നുപോലെ നോക്കിയ മണ്ഡലമാണ് വട്ടിയൂർക്കാവ്. ഇവിടെ പുറത്തുനിന്നൊരു സ്ഥാനാർത്ഥിയെ ആവശ്യമില്ല. കുറുപ്പ് മത്സരിച്ചാൽ വിജയിക്കില്ലെന്ന് ഉറപ്പാണെന്നുമാണ് പ്രവർത്തകരുടെ പ്രതികരണം. ഇക്കാര്യം ഇന്ന് ഇന്ദിരാഭവനിൽ കെ.പി.സി.സി യോഗത്തിന് എത്തിയ മുതിർന്ന നേതാക്കളെയെല്ലാം പ്രവർത്തകർ അറിയിച്ചു. ചിലർ ചാനലുകളുടെ കാമറകൾക്ക് മുന്നിലും അഭിപ്രായം തുറന്ന് പറയാൻ ധൈര്യം കാട്ടി. ഇക്കാര്യത്തിൽ പ്രവർത്തകരുടെ അഭിപ്രായം കൂടി മാനിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്. .
എന്നാൽ പ്രചാരണത്തിന് സമയം കുറവായത് കാരണം പരിചിതമുഖങ്ങളെ ഇറക്കണമെന്ന ആലോചനയിലാണ് കോൺഗ്രസ് നേതൃത്വമുള്ളത്. വട്ടിയൂർക്കാവ്, കോന്നി, എറണാകുളം മണ്ഡലങ്ങൾ ഐ ഗ്രൂപ്പിന്റേതാണെന്ന അവകാശവാദവും ശക്തമായിട്ടുണ്ട്. അരൂർ എ ഗ്രൂപ്പിന്റേതും. ഗ്രൂപ്പ് പരിഗണനയ്ക്കതീതമായ പേരുകൾ വേണമെന്ന വാദവും പാർട്ടിയിൽ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെയും കോന്നിയിൽ അടൂർ പ്രകാശിന്റെയും എറണാകുളത്ത് ഹൈബി ഈഡന്റെയും അഭിപ്രായവും കേൾക്കും. ഇതിന് ശേഷം മാത്രമേ സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ഉണ്ടാകൂ.
അതേസമയം, വട്ടിയൂർക്കാവ് മണ്ഡലത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.കെ.പ്രശാന്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ സി.പി.എമ്മിൽ പുരോഗമിക്കുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന്റെ പേരും സജീവ പരിഗണനയിലുണ്ട്. എൻ.ഡി.എ സ്ഥാനാർത്ഥിയായി മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ അടക്കമുള്ളവരുടെ പേരും പരിഗണനയിലുണ്ടെന്നാണ് വിവരം.