കോർപറേറ്റ് നികുതി വെട്ടിക്കുറയ്‌ക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെ തങ്ങളുടെ പ്രമുഖ മോഡലുകളുടെ വിലയിൽ കുറവ് വരുത്തി ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. തിരഞ്ഞെടുത്ത മോഡലുകളുടെ എക്‌സ് ഷോറൂം വിലയിൽ 5000 രൂപ വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. ആൾട്ടോ 800, ആൾട്ടോ കെ 10, സ്വിഫ്‌റ്റ് ഡീസൽ, സെലോറിയോ, ബലേനോ ഡീസൽ, ഇഗ്നിസ്, ഡിസയർ ഡീസൽ, ടൂർ എസ് ഡീസൽ, വിറ്റാര ബ്രെസ, എസ് ക്രോസ് എന്നിവയ്‌ക്കാണ് വില കുറച്ചിരിക്കുന്നത്. തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ എല്ലാ ഷോറൂമുകളിലും ഓഫർ ലഭ്യമാണെന്നും മാരുതി അറിയിച്ചു.
രണ്ട് പതിറ്റാണ്ടിനിടെ വാഹന വിപണിയിൽ ഉണ്ടായ ഏറ്റവും വലിയ തകർച്ചയിൽ നിന്ന് കരകയറാൻ അടുത്തിടെ വാഹന നിർമാതാക്കൾ വൻ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. മാരുതി സുസുക്കി നേരത്തെ തന്നെ വിവിധ മോഡലുകൾക്ക് 40,000 മുതൽ 1,01,200 വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ വില വെട്ടിക്കുറച്ചത് എൻട്രി ലെവൽ വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് വൻ നേട്ടമാകുമെന്നാണ് മാരുതി അധികൃതർ പറയുന്നത്. കഴിഞ്ഞ മാസങ്ങളിലേക്കാൾ ഇത്തവണ വാഹന വിൽപ്പന വർദ്ധിക്കുമെന്നും മാരുതി കരുതുന്നു. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ഫെസ്‌റ്റിവൽ വിപണിയ്‌ക്ക് വൻ നേട്ടമാകുമെന്നും വാഹന നിർമാതാക്കൾ വിശ്വസിക്കുന്നു.