തിരുവനന്തപുരം: കോന്നി സീറ്റിലെ സ്ഥാനാർത്ഥി വിഷയത്തിൽ അടൂർ പ്രകാശ് എം.പിക്കെതിരെ രൂക്ഷവിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പടി നടേശൻ രംഗത്തെത്തി. സ്വന്തം കാര്യം വരുമ്പോൾ മതേതരത്വം മടിയിൽ വയ്‌ക്കുന്ന അടൂർ പ്രകാശ് സമുദായ സ്‌നേഹമില്ലാത്ത കുലംകുത്തിയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. കപടമുഖമാണ് അടൂർ പ്രകാശിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമുദായത്തിലെ ഒരു കുലംകുത്തിയായി അടൂർ പ്രകാശ് മാറി. സ്വന്തം ഉയർച്ചയ്‌ക്ക് വേണ്ടി സമുദായത്തിന്റെ താത്പര്യങ്ങൾ ബലികൊടുത്തയാളാണ് അദ്ദേഹം. സ്വന്തം കാര്യം വരുമ്പോൾ അദ്ദേഹം മതേതരത്വം പറയില്ല. കോൺഗ്രസിൽ ഒരൊറ്റ ഈഴവ എം.എൽ.എ എങ്കിലും ഉണ്ടോയെന്ന് അടൂർ പ്രകാശ് സ്വയം ചോദിക്കണം. സ്വന്തം കാര്യം വരുമ്പോൾ മതവും മറ്റുള്ളവരുടെ കാര്യത്തിൽ മതേതരത്വവും പറയുന്ന കടപമുഖമാണ് അദ്ദേഹത്തിന്റേതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
അതേസമയം കോന്നിയിൽ റോബിൻ പീറ്റർ സ്ഥാനാർത്ഥിയാകുന്ന സൂചന പുറത്തുവരുന്നുണ്ട്. എന്നാൽ, റോബിൻ പീറ്ററിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പത്തനംതിട്ട ഡിസിസി നേതൃത്വം രംഗത്തുണ്ട്. മണ്ഡലത്തിൽ സാമുദായിക പരിഗണന വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഇന്ന് രാവിലെ 'ഫ്ളാഷി'നോട് വ്യക്തമാക്കി.
ഡി.സി.സി പ്രസിഡന്റ് എന്ന നിലയിൽ അഭിപ്രായം പറയാനുളള സ്വാതന്ത്ര്യം തനിക്കുണ്ട്. വളരെ ഉചിതമായ അഭിപ്രായമാണ് താൻ പറഞ്ഞതെന്നും സാമുദായിക പരിഗണന മണ്ഡലത്തിൽ നോക്കിയേ പറ്റൂവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ അഭിപ്രായം ഉറച്ചതാണ്. അടൂർ പ്രകാശ് പറഞ്ഞത് അദേഹത്തിന്റെ അഭിപ്രായമാണ്. ആ പറഞ്ഞതിനേട് യോജിപ്പില്ലെന്നും ബാബുജോർജ് പറഞ്ഞു. അതേസമയം റോബിൻപീറ്ററെ അംഗീകരിക്കുമോയെന്ന ചോദ്യത്തിന് കെ.പി.സി.സി തീരുമാനിക്കുന്ന ഏത് സ്ഥാനാർത്ഥിയേയും അംഗീകരിക്കും എന്നായിരുന്നു ബാബു ജോർജ് മറുപടി നൽകിയത്. അതേസമയം, റോബിൻപീറ്ററെ കളത്തിലിറക്കാനുളള നീക്കത്തിൽ അടൂർപ്രകാശ് ഉറച്ച് നിൽക്കുകയാണ്. കോൺഗ്രസ് ഒരു മതേതര പ്രസ്ഥാനമാണെന്നും ജാതി നോക്കിയല്ല സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അടൂർ പ്രകാശിന്റെ നീക്കത്തെ പഴകുളം മധുവും ശക്തമായി എതിർക്കുന്നുണ്ട്.
റോബിൻപീറ്റർ കഴിഞ്ഞാൽ അടൂർ പ്രകാശ് രണ്ടാമതായി മുന്നോട്ട് വയ്ക്കുന്ന പേര് ജില്ലാപഞ്ചായത്തംഗം എലിസബത്ത് അബുവിന്റേതാണ്. എന്നാൽ, ഈ രണ്ട് സ്ഥാനാർത്ഥികളേയും എ ഗ്രൂപ്പും പാർട്ടിയിലെ സീനിയർ നേതാക്കളും ശക്തമായി എതിർക്കുന്നു. എ ഗ്രൂപ്പിൽ നിന്ന് സ്ഥാനാർത്ഥി മോഹികളായി ഡി.സി.സി പ്രസിഡന്റ് ബാബു ജോർജിന് പുറമെ പി.മോഹൻരാജുമുണ്ട്. എന്നാൽ, മണ്ഡലം എ ഗ്രൂപ്പിന് കിട്ടില്ലെന്ന് ഉറപ്പായതോടെ എെ ഗ്രൂപ്പിലെ സീനിയർ നേതാക്കളെ നിറുത്താനാണ് എ ഗ്രൂപ്പ് പറയുന്നത്. ഇതു സംബന്ധിച്ച കത്ത് കെ.പി.സി.സിക്ക് എ ഗ്രൂപ്പ് കെെമാറി.