1. വട്ടിയൂര്‍ക്കാവ് ഉപ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് വെല്ലുവിളി ആകുന്നു. സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന പീതാംബര കുറുപ്പിനെതിരെ പ്രതിഷേധവുമായി പ്രാദേശിക നേതാക്കള്‍ കെ.പി.സി.സി ആസ്ഥാനത്ത് എത്തി. ബ്ലോക്ക് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ആണ് പ്രതിഷേധം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള കെ.പി.സി.സി യോഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് കുറുപ്പിനെതിരെ പ്രതിഷേധവുമായി പ്രാദേശിക നേതാക്കള്‍ രംഗത്ത് എത്തിയിത്. പീതാംബര കുറുപ്പ് ജയിക്കില്ലെന്ന് മണ്ഡലത്തിലെ നേതാക്കള്‍, ഉമ്മന്‍ ചാണ്ടിയെയും കെ സുധാകരനെയും അറിയിച്ചു.
2. കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു. എറണാകുളം, തൃശൂര്‍ ഒഴികയുള്ള 12 ജില്ലകളിലും യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിക്ക ചുഴലിക്കാറ്റ് മൂലം അറബിക്കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട് എന്നും അറിയിപ്പുണ്ട്. വടക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ പ്രദേശങ്ങളിലെ മത്സ്യ ബന്ധനം ഒഴിവാക്കണം എന്നും മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണം എന്നും ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
3. വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. പ്രശാന്തിന്റെ പേര് നിര്‍ദ്ദേശിച്ചത് സി.പി.എം സംസ്ഥാന നേതൃത്വം. നിര്‍ദേശം ജില്ലാ സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ തിരുവനന്തപുരം മേയറാണ് പ്രശാന്ത്. സാമുദായിക സമവാക്യങ്ങള്‍ മാറ്റിവച്ച് മികച്ച സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച് പരീക്ഷണത്തിന് സി.പി.എം തീരുമാനിക്കുക ആയിരുന്നു.
4. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിനെയും പരിഗണിച്ചിരുന്നു എങ്കിലും പ്രളയ കാലത്തെ മികവുറ്റ പ്രവര്‍ത്തനത്തില്‍ ആണ് പ്രശാന്തിന് നറുക്ക് വീണത്. പ്രശാന്തിനെ പോലെ ഒരാളെ നിറുത്തിയാല്‍ മണ്ഡലം തിരിച്ച് പിടിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായം അറിയിച്ചതായി ആണ് റിപ്പോര്‍ട്ട്. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തുടങ്ങി. വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റിയും ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമാണ് അന്തിമ തീരുമാനം ഉണ്ടാകൂ.
5. മരട് ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുക്കും. പുനരധിവാസ പദ്ധതി തയ്യാര്‍ ആക്കാനും മന്ത്രി സഭാ യോഗത്തില്‍ തീരുമാനം. നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കി ഉടമകള്‍ക്ക് നല്‍കും. മൂന്ന് മാസത്തിനകം ഫ്ളാറ്റ് പൊളിക്കേണ്ടി വരും. പൊളിക്കലിനുള്ള കര്‍മ്മ പദ്ധതി സുപ്രീം കോടതിയെ അറിയിക്കും. കോടതി ഉത്തരവിലെ വിവരങ്ങള്‍ ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചു. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്റെ ചുമതല ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന് നല്‍കി തദ്ദേശ വകുപ്പ് ഉത്തരവിറക്കി. നേരത്തെ നഗരസഭ സെക്രട്ടറിക്ക് ആയിരുന്നു ചുമതല.
6. അതേസമയം, മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. മരടിലെ നാല് ഫ്ളാറ്റുകളിലേക്ക് ഉള്ള വെള്ളവും വൈദ്യുതിയും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ കെ.എസ്.ഇ.ബിക്കും വാട്ടര്‍ അതോറിറ്റിക്കും കത്ത് നല്‍കി. തദ്ദേശ സ്വയം ഭരണവകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് നഗരസഭ കെ.എസ്.ഇ.ബിക്കും ജല അതോറിറ്റിക്കും കത്ത് നല്‍കിയത്. ഇവിടേക്കുള്ള പാചകവാതക വിതരണം നിറുത്തി വക്കാന്‍ വിതരണ കമ്പനികളോടും ആവശ്യപ്പെടും
7. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിന് എതിരെ പരാതി നല്‍കിയ നിയമ വിദ്യര്‍ത്ഥിനിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. ചിന്മയാനന്ദിന്റെ പരാതിയില്‍ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പൊലീസ് വിശദീകരണം. ഇന്നലെ ലക്നൗവിലെ കോടതി പെണ്‍കുട്ടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സ്വീകരിച്ചിരുന്നു. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഇരിക്കെ ആണ് പ്രത്യേക സംഘം പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്തത്.
8. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അജിത്ത് ഡോവലിനും ഭീകരാക്രമണ ഭീഷണി. ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയാണ് ഭീഷണിക്ക് പിന്നിലെന്ന് രഹസ്യ അന്വേഷണ വിഭാഗം. പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയോടെ ആണ് നീക്കം. കശ്മീര്‍, പഠാന്‍കോട്ട്, അമൃത്സര്‍ തുടങ്ങി മുപ്പത് ഇടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. പഠാന്‍കോട്ടില്‍ വ്യോമാക്രമണം ഉള്‍പ്പെടെ നടത്താന്‍ പദ്ധതി ഇടുന്നുണ്ട് എന്നും രഹസ്യ അന്വേഷണ വിഭാഗം.
9. അതിനിടെ, പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍ ആയുധകടത്ത്. ആയുധ കടത്തിന് ഉപയോഗിച്ചത് ചൈനീസ് ഡ്രോണുകള്‍. ഇന്ത്യയില്‍ എത്തിച്ചത് 80 കിലോ ആയുധങ്ങള്‍. പാകിസ്ഥാനില്‍ നിന്ന് പഞ്ചാബിലേക്ക് ആണ് ആയുധങ്ങള്‍ കടത്തിയത്.
10. പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി.ഒ സൂരജിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യന്നു. മൂവാറ്റുപുഴ സബ് ജയിലില്‍ എത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുന്നത്. അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കില്ലെന്ന രീതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ പുതുക്കി നല്‍കും.
11. മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ മാദ്ധ്യമങ്ങളോടും കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും വെളുപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ ആണ് ടി.ഒ സൂരജിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നത് . ഇക്കാര്യം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു