ldf

കാസർകോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ സി.എച്ച് കുഞ്ഞമ്പു എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും. ജില്ലാ സെക്രട്ടറിയേറ്റിൽ ഇന്ന് ചേർന്ന യോഗത്തിൽ കുഞ്ഞമ്പുവിന്റെ പേര് മാത്രമാണ് സ്ഥാനാർത്ഥിയായി അവതരിപ്പിച്ചത്. മണ്ഡലം തിരിച്ച് പിടിക്കുമെന്ന് കുഞ്ഞമ്പു പ്രതികരിച്ചു.

ലീഗിലെ തർക്കങ്ങൾ യു.ഡി.എഫിന് വിനയാകുമെന്നും കുഞ്ഞമ്പു പറ‌ഞ്ഞു.സി.പി.എം സംസ്ഥാനസമിതി അംഗമാണ് കുഞ്ഞമ്പു. മണ്ഡലത്തിൽ പ്രചാരണം കൊഴുപ്പിക്കാൻ മൂന്ന് മന്ത്രിമാരുണ്ടാകും. മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.കെ ശൈലജ, ഇ. ചന്ദ്രശേഖരൻ എന്നിവരെയാണ് ഇടതുമുന്നണി മഞ്ചേശ്വരത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. അതോടൊപ്പം എളമരം കരീം എം.പിയും മണ്ഡലത്തിൽ സജീവമാകും.

2006ൽ കന്നിക്കാരനായെത്തിയ കുഞ്ഞമ്പു, നാലുതവണ തുടർച്ചയായി മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽനിന്നും വിജയിച്ച ചെർക്കളം അബ്ദുള്ളയെ അട്ടിമറിയിലൂടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി എം.എൽ.എയായി. എന്നാൽ, 2011ലെയും 2016ലെയും തിരഞ്ഞെടുപ്പുകളിൽ പി.ബി അബ്ദു റസാഖിനോട് പരാജയപ്പെട്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. മഞ്ചേശ്വരത്തുനിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ കെ.ആർ ജയാനന്ദയുടെ പേരാണ് തുടക്കം മുതൽ സി.പി.എം പരിഗണിച്ചിരുന്നത്. മഞ്ചേശ്വരത്തെ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന വിഭാഗീയ പ്രശ്‌നങ്ങൾ ജയാനന്ദയുടെ മത്സര സാദ്ധ്യതയെ ബാധിക്കുമോയെന്ന ആശങ്കയാണ് ഒടുവിൽ കുഞ്ഞമ്പുവിന് നറുക്ക് വീഴാൻ കാരണമായതെന്നാണ് സൂചന.

അതേസമയം കോന്നിയിൽ കെ.യു ജനീഷ് കുമാറാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റാണ് ജനീഷ് കുമാർ. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ജെ. അജയകുമാർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എസ് രാജേന്ദ്രൻ എന്നിവരും സ്ഥാനാർത്ഥി സാധ്യത പട്ടികയിലുണ്ടായിരുന്നു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ മേയർ വി.കെ പ്രശാന്തിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തു.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പ്രശാന്തിനെ സ്ഥാനാർത്ഥിയായി ശുപാർശ ചെയ്തിരുന്നു. മേയർ എന്ന നിലയിലുള്ള മികച്ച പ്രവർത്തനവും യുവനേതാവ് എന്ന പരിഗണനയുമാണ് വി.കെ പ്രശാന്തിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചതിന് കാരണം. ജില്ലാ സെക്രട്ടറിയേറ്റ് ഒന്നാമതായി നൽകിയിരിക്കുന്നത് വി.കെ പ്രശാന്തിന്റെ പേരും രണ്ടാമതായി നൽകിയിരിക്കുന്നത് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവിന്റെ പേരുമാണ്. വി. ശിവൻകുട്ടിയോട് മത്സരിക്കാൻ താൽപര്യമുണ്ടോ എന്ന കാര്യം ജില്ലാ സെക്രട്ടറിയേറ്റ് ചോദിച്ചിരുന്നു. എന്നാൽ,​ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്.