സംഗീതത്തെ പ്രാണനോളം പ്രണയിക്കുന്നയാളാണ് 'കെ.എസ് ഹരിശങ്കർ." ചെറിയ പ്രായത്തിൽ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞതും ആ പ്രണയം കൊണ്ടു തന്നെ. അറിയപ്പെടുന്നൊരു സംഗീത കുടുംബത്തിലെ ഇളമുറക്കാരനാണെങ്കിലും ഹരിയുടെ വഴികൾ സ്വയം കണ്ടെത്തിയവയായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ പുതുതലമുറയിലെ ഗായകൻ എന്ന നേട്ടവും ഹരിക്ക് സ്വന്തം.
അഞ്ചു വയസിൽ മൈക്ക് കൈയിലെടുത്തതായിരുന്നു സംഗീതത്തിലേക്കുള്ള ഹരിശങ്കറിന്റെ തുടക്കം. അതും സാക്ഷാൽ യേശുദാസിനൊപ്പം. ഒരു പക്ഷേ വർഷങ്ങൾക്കിപ്പുറം തന്നെ കാത്തിരിക്കുന്ന ആരാധകരെ കുറിച്ച് ഹരിശങ്കർ അന്ന് ഓർത്തിട്ടുണ്ടാകില്ല. വരാനിരിക്കുന്ന കൈയടികളെയൊട്ട് സ്വപ്നവും കണ്ടിട്ടുണ്ടാകില്ല. പക്ഷേ, കാലം അവനായി കരുതിവച്ചിരുന്നത് ലക്ഷോപലക്ഷം ആരാധകരെയും അവരുടെ കൈയടികളെയുമായിരുന്നു. കെ. എസ്. ഹരിശങ്കർ എന്ന ഈ ചെറുപ്പക്കാരൻ ഇന്ന് യുവാക്കളുടെ ഹരമാണ്.
ആർക്കും സ്വപ്നം പോലും കാണാൻ കഴിയാത്ത സംഗീത പാരമ്പര്യത്തിനുടമ കൂടിയാണ് ഹരിശങ്കർ. അമ്മൂമ്മ പ്രശസ്ത കർണാടക സംഗീതജ്ഞ കെ.ആർ. ഓമനക്കുട്ടി, അച്ഛൻ ആലപ്പി ശ്രീകുമാർ സംഗീത കോളേജ് അദ്ധ്യാപകൻ, അമ്മ കമലാ ലക്ഷ്മി വീണ ആർട്ടിസ്റ്റ്, പിന്നെ ചിറ്റപ്പന്മാരായ എം. ജി.രാധാകൃഷ്ണനും എം.ജി.ശ്രീകുമാറും.
മലയാളത്തിന്റെ അരിജിത്ത് സിംഗെന്നാണ് ഹരിശങ്കറിനെ പലരും വിളിക്കുന്നത്. മെലഡികളുടെ കൂട്ട് പിടിച്ച് സംഗീതത്തിൽ പുതുവഴി തേടുമ്പോൾ കേട്ടാലും കേട്ടാലും മതിവരാത്ത ആ ശബ്ദത്തിന് ഭാഷ കടന്നും ആരാധകരേറെയാണ്. അതുപോലെയാണ് ഹരിശങ്കറും. പുതുതലമുറയിലാർക്കും ഇത്ര ആരാധകരില്ലെന്ന് നിസംശയം പറയാം. അരിജിത്ത് സിംഗിന്റെ കട്ട ഫാനായ ഹരിക്ക് ആ വിളി നൽകുന്ന ആത്മവിശ്വാസം ഏറെയാണ്. പക്ഷേ അപ്പോഴും മെലഡി ഗായകനായി മാത്രം തന്നെ ഒതുക്കരുതെന്നാണ് ഹരി പറയുന്നത്. സംഗീതവും സ്വപ്നങ്ങളുമായി മുന്നേറുന്ന ഹരിക്ക് ഏറെ വിശേഷങ്ങൾ പങ്കുവയ്ക്കാനുണ്ട്.
''കർണാടക സംഗീതത്തിലൂടെയാണ് എന്റെ സംഗീത യാത്ര തുടങ്ങുന്നതെന്ന് പറയാം. അച്ഛനും അമ്മൂമ്മയും ചേർന്നാണ് എന്നെ കർണാടക സംഗീതം പഠിപ്പിക്കുന്നത്. സ്വാഭാവികമായും കച്ചേരി നടത്തുക എന്നതായിരുന്നു അവരുടെ സ്വപ്നം. പക്ഷേ എനിക്ക് കച്ചേരി പോലെ പ്രിയപ്പെട്ടതായിരുന്നു സിനിമയും. ഒടുവിൽ ആ സ്വപ്നത്തിലെത്തിയിരിക്കുകയാണ്. ചെറുതല്ലാത്ത സന്തോഷം തീർച്ചയായുമുണ്ട്. ""
ഡോക്ടറാകാൻ പഠിച്ചു, പക്ഷേ
ഹരിയുടെ സംഗീതത്തിലേക്കുള്ള യാത്ര ഏറെ വ്യത്യസ്തമായിരുന്നു. ഡോക്ടറാകാൻ പഠിച്ച ചെറുപ്പക്കാരൻ എങ്ങനെ സംഗീതജ്ഞനായെന്ന് ചോദിച്ചാൽ ഒരു ചിരിയിൽ ഹരി മറുപടിയൊതുക്കും. '' പഠിച്ചത് ബി.ഡി.എസായിരുന്നു. അന്ന് ഉപരിപഠനം എന്നത് ലക്ഷ്യം വച്ചാണ് അതിന് ചേർന്നത്. എന്തായാലും പഠനത്തിന്റെ പകുതി വഴിയെത്തിയപ്പോഴേക്കും മനസിലായി തുടങ്ങി ഇതല്ല എന്റെ പാഷനെന്ന്. ഒടുവിൽ കോഴ്സ് കംപ്ലീറ്റ് ചെയ്തു. പക്ഷേ പിന്നീട് ആ ഫീൽഡിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഭാവിയിൽ എന്നെങ്കിലും ഒരു ക്ലിനിക് തുടങ്ങുമോയെന്നൊന്നും അറിയില്ല. ഇപ്പോൾ സംഗീതം മാത്രമേ മനസിലുള്ളൂ. സംഗീതമാണ് മുന്നോട്ടുള്ള വഴിയെന്ന് തിരിച്ചറിയുന്നത് ബി. ഡി .എസ് ക്ലാസ് റൂമുകളിലാണ്. ആ വഴിയിലാണ് ഇപ്പോഴത്തെ യാത്രയും. "" കൂടെയുണ്ടായിരുന്ന സംഗീതത്തെ കൂട്ടുപിടിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ച കഥ ഹരി പറയുന്നു.
നിലാവും മായുന്നു ...
സിനിമയിലേക്ക് എത്തുക എന്നത് പഠനകാലത്തേ മനസിൽ കൂടുകൂട്ടിയ സ്വപ്നമായിരുന്നുവെന്ന് ഹരി ഓർക്കുന്നു. പഠിത്തമൊക്കെ കഴിഞ്ഞതോടെ സിനിമയിൽ ഒരു പാട്ട് പാടണമെന്ന ആഗ്രഹം കലശലായി. അതിന് വേണ്ടി കുറച്ച് കാത്തിരുന്നു. ആദ്യം പാടിയത് ഔസേപ്പച്ചന്റെ സംഗീത സംവിധാനത്തിൽ കാരണവർ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. അതുകഴിഞ്ഞ് ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിൽ ഷാൻ റഹ്മാനൊപ്പം. പിന്നീട് വിദ്യാസാഗറിനൊപ്പം 'എന്നും എപ്പോഴും" എന്ന ചിത്രത്തിൽ. അതിലെ നിലാവും മായുന്നു എന്ന പാട്ടിന് ഹരിക്ക് ഏറെ അഭിനന്ദനങ്ങൾ കിട്ടി. അതിന് ശേഷമാണ് ഒരുപാട് അവസരങ്ങൾ കിട്ടി തുടങ്ങിയത്.
വിജയത്തിന്റെ മുന്നിൽ വിനായാന്വിതനാകുമ്പോഴും പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, സിനിമയിലേക്കുള്ള വരവ് അല്പം നേരത്തേ ആയിപ്പോയില്ലേയെന്ന്. എന്നാൽ, ഇതാണ് തന്റെ ശരിയായ സമയമെന്ന് വിശ്വസിക്കാനാണ് ഹരിക്കിഷ്ടം. യൂ ട്യൂബിൽ മില്യൺ ആൾക്കാരാണ് ഓരോ പാട്ടും കേട്ടു കഴിഞ്ഞിരിക്കുന്നത്. പാടിയ പാട്ടെല്ലാം ഹിറ്റാണെന്ന അഭിമാനാർഹമായ നേട്ടത്തിലെത്തി നിൽക്കുകയാണ് ഈ ചെറുപ്പക്കാരൻ.
കഴിവാണ് പ്രധാനം
സംഗീത കുടുംബത്തിൽ ജനിച്ചതിന്റെ പേരിൽ പിന്നണി ഗാനരംഗത്തേക്കുള്ള ഹരിയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. സ്റ്റേജ് ഷോകളും യൂട്യൂബും തന്നെയായിരുന്നു അതിനേറെ സഹായിച്ചത്. കുടുംബപാരമ്പര്യം പറഞ്ഞ് എവിടെയും പോയി അവസരം ചോദിച്ചിട്ടില്ല. എന്നോടുള്ള വിശ്വാസം കൊണ്ട് കിട്ടിയ അവസരങ്ങളാണ് ഇതെല്ലാം. പിന്നെ പാരമ്പര്യം നോക്കി അവസരങ്ങൾ കിട്ടിയിരുന്ന കാലമൊക്കെ കഴിഞ്ഞുവെന്നാണ് തോന്നുന്നത്. അവനവന് കഴിവില്ലെങ്കിൽ ഒരു രംഗത്തും പിടിച്ച് നിൽക്കാൻ കഴിയില്ല. ചെറിയ പ്രായത്തിൽ പേരുണ്ടാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സിനിമ പോലെ തന്നെയാണ് വിവാഹവും. അല്പം നേരത്തേ കുടുംബ ജീവിതത്തിലേക്ക് കടന്നു. 23ാമത്തെ വയസിലായിരുന്നു വിവാഹം. കൂടെ പഠിച്ച ആളിനെയാണ് ജീവിത പങ്കാളിയാക്കിയത്, പേര് ഗാഥ. ഇന്നിപ്പോൾ കട്ടയ്ക്ക് കൂടെ നിൽക്കുന്നതും ഗാഥയാണ്.
പ്രഗതി, സ്വന്തം ബാൻഡ്
ഹരിശങ്കറിന്റെ സംഗീതപ്രണയത്തിന് കൂടുതൽ തിളക്കം നൽകുന്നത് പ്രഗതി ബാൻഡാണ്. ഹരിയും സുഹൃത്തുക്കളും ചേർന്ന് ഒരു വർഷം മുമ്പാണ് പ്രഗതി തുടങ്ങുന്നത്. ഇപ്പോൾ ബാൻഡിന്റെ കീഴിൽ നിരവധി പ്രോഗ്രാംസ് ചെയ്യുന്നുണ്ട്. ജിയാ ജലേ...യുടെ കവർ സോംഗ് യൂട്യൂബിൽ ഇപ്പോഴും ട്രെൻഡിംഗാണ്. പ്രേക്ഷകരിൽ നിന്ന് കിട്ടുന്ന ഈ പിന്തുണയാണ് ഏറ്റവും വലിയ പ്രോത്സാഹനമെന്ന് പറയുമ്പോഴും ഇൻഡിപ്പെൻഡന്റ് പ്രോഗ്രാംസ് ഉടൻ റിലീസാകുന്നുണ്ടെന്ന ഉറപ്പും ഹരി പങ്കുവയ്ക്കുന്നു
''കച്ചേരി നടത്താൻ വേണ്ടിയായിരുന്നു വീട്ടിൽ നിന്ന് പാട്ട് പഠിപ്പിച്ചത്. ക്ലാസിക്കൽ സംഗീതമായതു കൊണ്ട് അത് മാത്രമേ ചെയ്യൂവെന്നില്ല. എല്ലാം ചെയ്യുന്നുണ്ട്. പ്രഗതിയും അങ്ങനെയാണ്. ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടിയത് അഞ്ചു വയസിലാണ്. അതും ദാസേട്ടനൊപ്പം 'സാഫല്യം" എന്ന ചിത്രത്തിൽ നാല് വരി. അതിന് അവസരമൊരുക്കിയത് ഞാൻ താത്ത എന്ന് വിളിക്കുന്ന എം. ജി. രാധാകൃഷ്ണനാണ്. പക്ഷേ എനിക്കതൊന്നും ഓർമ്മയില്ല. ആൽബത്തിലാദ്യമായി പാടുന്നത് ചിറ്റപ്പനൊപ്പം (എം. ജി. ശ്രീകുമാർ ) ആണ്. അങ്ങനെ പടി പടിയായിട്ടായിരുന്നു തുടങ്ങിയത്. ഇനിയും ഒരുപാട് ചെയ്യാനുണ്ട്. ഓരോന്നിനും ഓരോ സമയമുണ്ടെന്ന് പറയാറില്ലേ. ആ സമയത്ത് എല്ലാം നടക്കുമെന്ന് വിശ്വസിക്കാനാണിഷ്ടം.
ഹിറ്റാകാനല്ല പാടുന്നത്
പാടുന്ന പാട്ടുകളെല്ലാം ഹിറ്റാക്കുന്ന മാജിക് എന്താണെന്ന് ഹരിക്കുമറിയില്ല. ചിലപ്പോൾ ദൈവാനുഗ്രഹമാകാം, അല്ലെങ്കിൽ സമയം തെളിഞ്ഞതാകാം എന്ന നിഷ്കളങ്ക മറുപടിയിലൊതുക്കുകയാണ് ആ സന്തോഷം. ഹിറ്റ് പാട്ടായ ജീവാംശമായി പാടിയത് ശ്രേയ ഘോഷാലിനൊപ്പമാണെന്നത് ഹരിയെ ഇപ്പോഴും ഞെട്ടിക്കുന്ന കാര്യമാണ്. ശ്രേയ തന്റെ പാട്ട് കേട്ടിട്ട് നല്ല അഭിപ്രായം പറഞ്ഞുവെന്നറിഞ്ഞപ്പോൾ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ ആകില്ലെന്ന് ഹരി പറയുന്നു. ''എല്ലാത്തിനും പിന്നിൽ ഒരു അനുഗ്രഹമുണ്ടെന്ന് വിശ്വസിക്കുന്നു.
തുടക്കകാലത്ത് കുറച്ച് ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ഈശ്വരാധീനം കൊണ്ട് അവസരങ്ങൾ ഒരുപാട് കിട്ടുന്നുണ്ട്. പാട്ട് കേൾക്കുമ്പോൾ പാടിയത് ഹരിശങ്കറല്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്. അതൊക്കെ വലിയ സന്തോഷങ്ങളാണ്. തേടി വരുന്ന പാട്ടുകളാണ് എന്നെ ഹിറ്റാക്കുന്നത്. ദൈവാനുഗ്രഹം കൊണ്ട് ഇതുവരെ കിട്ടിയതെല്ലാം നല്ല പാട്ടുകളായിരുന്നു. ആ പാട്ടുകൾക്കെല്ലാം എന്റെ ശബ്ദവും ചേർന്നു. ചിലതിന് എന്റെ ശബ്ദം മാച്ചാകണമെന്നില്ല. പിന്നെ ഹിറ്റാകാൻ വേണ്ടി ഒരു പാട്ടും ഞാൻ പാടാറില്ല. പരമാവധി നന്നാക്കാൻ ശ്രമിക്കാറുണ്ട്. ഒരു പാട്ടും മോശമാകരുതെന്ന് ആഗ്രഹമുണ്ട്. പാട്ട് പോലെ പ്രധാനമാണ് ഫീലും. സ്വയം ആസ്വദിച്ച് പാടിയാൽ മാത്രമേ അത് അതേ അളവിൽ പുറത്തേക്കൊഴുകൂ.. ""
പ്രതീക്ഷ നൽകുന്ന ചിന്തകൾ
കരിയറിലെ ടേണിംഗ് പോയിന്റ് ഏതാണെന്ന് ചോദിച്ചാൽ ജീവാംശമായി ആണെന്ന് ഹരി പറയും. അതിന്റെ ഫുൾ ക്രെഡിറ്റും സംഗീത സംവിധായകനായ കൈലാസ് മേനോന് അവകാശപ്പെട്ടതാണ്. ഇത്രയധികം പാട്ടുകാരുണ്ടായിട്ടും ഞാൻ മതിയെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഞങ്ങൾക്ക് അന്ന് പരസ്പരം അറിയില്ല. എന്നിട്ടും എന്നെ വിശ്വസിച്ച് അവർ വിളിക്കുകയായിരുന്നു. നമുക്കുള്ളത് എന്നായാലും നമ്മളെ തേടി വരും എന്ന് പറയാറില്ലേ. അതുകൊണ്ടായിരിക്കും അങ്ങനെയൊരു അവസരം എന്നെ തേടി വന്നതും. കുറേക്കാലം ജീവാംശം എന്നായിരുന്നു പലരും എന്നെ വിളിച്ചിരുന്നത്. ആ വിളി എനിക്ക് സന്തോഷമായിരുന്നു.
പുതു തലമുറ ഗായകരെല്ലാം അടുത്ത സുഹൃത്തുക്കളാണ്. എല്ലാർക്കും ഓരോ കഴിവുകളുണ്ട്. എന്റെ കഴിവിൽ വിശ്വസിച്ചാണ് ഞാൻ യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആരോടും മത്സരവുമില്ല. ഹരി നിലപാട് വ്യക്തമാക്കുന്നു. സംഗീതത്തിൽ പുതുവഴി തേടുന്ന ഈ യുവഗായകൻ വരാൻ പോകുന്നത് ഇതിനേക്കാൾ വലിയ ഹിറ്റുകളായിരിക്കും എന്ന കാര്യം പറയാതെ പറയുന്നുണ്ട്. അതിനുള്ള തെളിവാണ് കൈ നിറയെയുള്ള അവസരങ്ങളും. ഹരി തന്റെ യാത്ര തുടങ്ങിയിട്ടേയുള്ളൂ, ഇനിയും ഹിറ്റുകളും അംഗീകാരങ്ങളുമായി ഒരുപാട് സഞ്ചരിക്കേണ്ടതുണ്ട്.