thilakan

മലയാള സിനിമയുടെ പെരുന്തച്ഛനായി അഭിനയത്തിന്റെ പുതിയ പാത വെട്ടിത്തെളിച്ച മഹാനടനാണ് തിലകൻ. കഥാപാത്രത്തിലെന്നപോലെ ജീവിതത്തിലും വ്യക്തമായ നിലപാടുകൾ കാത്തുസൂക്ഷിച്ച അദ്ദേഹത്തിന് മിത്രങ്ങളെക്കാൾ കൂടുതൽ ശത്രുക്കളെയാണ് സിനിമാ ലോകത്ത് കാണേണ്ടിവന്നത്. മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഥടികത്തിലെ ചാക്കോമാഷായി സിനിമാപ്രേമികളുടെ മനസിൽ ചേക്കേറിയ തിലകനെ ആ സിനിമയിൽ അഭിനയിപ്പിക്കാൻ ശ്രമിച്ച സംഭവത്തെകുറിച്ച് പറയുകയാണ് അദ്ദേഹത്തിന്റെ മകനായ ഷമ്മിതിലകൻ. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്ഫടികത്തിൽ ചാക്കോമാഷായി തിലകൻ അഭിനയിച്ചതിന് പിന്നിൽ നടന്ന സംഭവങ്ങളെകുറിച്ച് മകൻ മനസ് തുറന്നത്.

thilakan

സ്ഥടികം സിനിമയുടെ സംവിധായകനായ ഭദ്രനുമായി നല്ലബന്ധമായിരുന്നില്ല തിലകനുണ്ടായിരുന്നത്. ഭദ്രൻ സംവിധാനം ചെയ്ത 'ഇടനാഴിയിൽ ഒരു കാലൊച്ച' എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് തിലകനും ഭദ്രനും തമ്മിൽ വഴക്ക് നടന്നിരുന്നു. ഈ സംഭവത്തിന് ശേഷം ബൈപ്പാസ് സർജറി കഴിഞ്ഞ് മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ തിലകൻ കഴിയവേയാണ് സ്ഥടികം സിനിമയുടെ കാര്യം പറയുന്നതിനായി ഭദ്രൻ എത്തുന്നത്. ബൈപ്പാസ് കഴിഞ്ഞ് വിശ്രമിക്കുന്നതിനാൽ വളരെ കുറച്ച് സന്ദർശകരെ മാത്രമേ ആശുപത്രിയിൽ തിലകനെ കാണുവാനായി അനുവദിച്ചിരുന്നുള്ളു. തിലകന്റെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുവാനായി മകനായ ഷമ്മിതിലകനായിരുന്നു ആശുപത്രിയിലുണ്ടായിരുന്നത്. വാരാന്തയിൽ നിൽക്കുമ്പേൾ ദൂരെനിന്നും സംവിധായകൻ ഭദ്രൻ വരുന്നത് കണ്ടയുടനെ ഷമ്മി ഓടിച്ചെന്ന് തിലകനോട് ഈ വിവരം ചെവിയിൽ പറഞ്ഞു. എന്നാൽ ഒരു കാരണവശാലും ഭദ്രനെ റൂമിലേക്ക് കയറ്റിവിടരുതെന്നാണ് തിലകൻ മകനോട് പറഞ്ഞത്. ചികിത്സയിലിരിക്കവേ ഇഷ്ടമില്ലാത്ത ഒരാളെ കാണുന്നത് അച്ഛന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് മനസിലാക്കിയ ഷമ്മി തിലകൻ ഭദ്രനെ തടയാൻ തീരുമാനിച്ചു. എന്നാൽ കാണാൻ താത്പര്യമില്ലെന്ന് തിലകൻ പറഞ്ഞത് അറിയിക്കാതെ തന്ത്രപൂർവം ഇൻഫക്ഷന്റെ പ്രോബ്ലമൊക്കെ പറഞ്ഞ് ഭദ്രനെ തിരികെ വിടുകയാണ് ഷമ്മി ചെയ്തത്. എന്നാൽ ഭദ്രൻ പിൻവാങ്ങാൻ ഒരുക്കമല്ലായിരുന്നു മൂന്ന് നാല് തവണ തിലകനെ കാണുവാനായി വീണ്ടും വിണ്ടും വന്നുകൊണ്ടേയിരുന്ന ഭദ്രനെ ഓരോ ആരോഗ്യ കാരണങ്ങൾ പറഞ്ഞ് ഷമ്മി തിരികെ വിടുകയായിരുന്നു.

ഒരുവട്ടമെത്തിയപ്പോൾ സ്ഥടികത്തിന്റെ കാര്യം ഷമ്മിയോട് ഭദ്രൻ പറയുകയും ഇതിലെ ചാക്കോമാഷാവാൻ തിലകൻ ചേട്ടനല്ലാതെ ആരെ കൊണ്ടുമാവില്ല എന്ന് പറയുകയും ചെയ്തു. ഇതിനൊപ്പം മറ്റൊരു നടന് ഈ വേഷം നൽകാൻ തനിക്ക് മേൽ സമ്മർദ്ദമുണ്ടെന്നും അദ്ദേഹം ഷമ്മിയോട് വെളിപ്പെടുത്തി. എന്നാൽ കഥാപാത്രത്തിന് പൂർണത വേണമെങ്കിൽ അത് തിലകൻ തന്നെ ചെയ്യണം എന്ന അഭിപ്രായമായിരുന്നു ഭദ്രനുണ്ടായിരുന്നത്.

bhadran-

ഭദ്രന്റെ മനസിലുള്ള കാര്യങ്ങൾ അറിഞ്ഞതോടെ തിലകൻ നല്ല മൂഡിലായപ്പോൾ താൻ കാര്യങ്ങൾ സംസാരിച്ചു ഭദ്രനെ കാണുന്നതിനായി അച്ഛനെകൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു എന്ന് ഷമ്മി പറയുന്നു. ഭദ്രൻ ആദ്യം ആശുപത്രിയിലെത്തിയ ദിവസം തിലകനെ കണ്ടിരുന്നെങ്കിൽ ഒരു പക്ഷേ ചാക്കോമാഷായി നമ്മുടെ മനസിൽ മഹാനടൻ തിലകനായിരിക്കില്ല ഉണ്ടാവുക. എന്നാൽ സ്ഥടികത്തിനായി താനെടുത്ത എഫോർട്ടിനെകുറിച്ച് സംവിധായകൻ ഭദ്രൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നതിൽ ഷമ്മിതിലകന് വിഷമമുണ്ട്.