തിരുവനന്തപുരം: ജാതിസമവാക്യങ്ങളൊന്നും വട്ടിയൂർകാവ് ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ സാദ്ധ്യതയില്ലെന്നും സ്ഥാനാർത്ഥി ആരായാലും വിജയിക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യം എൽ.ഡി.എഫിന് മണ്ഡലത്തിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് പറഞ്ഞു. തിരഞ്ഞെടുപ്പിലെ ജാതിസമവാക്യങ്ങളൊക്കെ പഴയകാല ചിന്തയാണെന്നും അദ്ദേഹം വ്യക്തമാക്കി. വട്ടിയൂർകാവ് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനപ്രാതിനിധ്യം ഉറപ്പാക്കിയ സ്ഥാനാർത്ഥി പട്ടികയാണ് വട്ടിയൂർക്കാവിൽ പരിഗണിച്ചത്. കാരണം യുവാക്കളുടെ വലിയ നിര വട്ടിയൂർക്കാവിലുണ്ട്. ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ജാതി-മത-സാമുദായിക പരിഗണനകളൊന്നും തന്നെ ഇതുവരെയും വട്ടിയൂർക്കാവിൽ വന്നിട്ടില്ല എന്നാണ് താൻ മനസിലാക്കുന്നതെന്നും അതിനെ വളരെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നും വി.കെ. പ്രശാന്ത് കൂട്ടിച്ചേർത്തു.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണ്. വട്ടിയൂർക്കാവ് മണ്ഡലം തിരിച്ചു പിടിക്കാനാവും എന്ന ശുഭപ്രതീക്ഷയാണ് ഇടതുപക്ഷത്തിനുള്ളത്. സ്ഥാനാർത്ഥി ആരായാലും വിജയം ഉറപ്പാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ഇതിനോടകം വട്ടിയൂർക്കാവിൽ ആരംഭിച്ചു കഴിഞ്ഞു. ഒന്നാംഘട്ട പ്രചാരണ പ്രവർത്തനങ്ങൾ നല്ല നിലയിലാണ് മുന്നോട്ട് പോവുന്നത്. വോട്ട് ഉയർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളും സംഘടനാ പ്രവർത്തനങ്ങളും മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണ് എന്നും മേയർ വ്യക്തമാക്കി.
സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് ഇപ്പോൾ മാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്ന അറിവുകൾ മാത്രമാണുള്ളത്. മേയർ പദവി രാജിവയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നതിന് ശേഷം പ്രതികരിക്കാമെന്നും വി.കെ പ്രശാന്ത് പറഞ്ഞു. നഗരസഭയുടെ നല്ല പ്രവർത്തനങ്ങൾ കൂടി വിലയിരുത്തിയിട്ടാവാം സ്ഥാനാർത്ഥി പട്ടികയിലേക്ക് തന്റെ പേരും ഉൾപ്പെട്ടത്. കഴിഞ്ഞ നാലു വർഷമായി തലസ്ഥാനനഗരിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. രാജ്യാന്തരശ്രദ്ധ നേടിയ പ്രവർത്തനങ്ങൾ വരെ കാഴ്ചവയ്ക്കാൻ തിരുവനന്തപുരം നഗരസഭയ്‌ക്കായി. പ്രളയസമയത്തെ പ്രവർത്തനങ്ങളടക്കം മാതൃകാപരമായി മുന്നോട്ട് കൊണ്ടുപോകാനായി. ഈ പ്രവർത്തനങ്ങളെല്ലാം വിലയിരുത്തിയാവാം സ്ഥാനാർത്ഥി പട്ടികയിലേക്ക് തന്റെ പേരും നിർദേശിക്കപ്പെട്ടതെന്നും വി.കെ പ്രശാന്ത് വ്യക്തമാക്കി.