tips

പ്രിയപ്പെട്ടവരെന്ന് കരുതുന്നവർക്ക് അയച്ചുകൊടുക്കാൻ വേണ്ടിയും ഒരു കൗതുകത്തിന് വേണ്ടിയും തങ്ങളുടെ നഗ്നശരീരവും സ്വകാര്യ നിമിഷങ്ങളും മൊബൈൽ ഫോണിൽ പകർത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുകയാണ്. ഓരോ ദിവസവും നിരവധി സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഓൺലൈൻ സൈറ്റുകളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചിട്ടും ഇത്തരത്തിൽ ചിത്രീകരിക്കുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല. എന്നാൽ ഇതിന് പിന്നിലെ ശരിയായ കാരണം തേടി അരിസോണ സർവകലാശാലയിലെ പി.എച്.ഡി വിദ്യാർത്ഥിയായ മോർഗൻ ജോൺസ്‌റ്റാൻബാഗ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

2018 -2019 കാലയളവിൽ 1918 കോളേജ് വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. സ്വന്തം അർദ്ധ / പൂർണ നഗ്ന ഫോട്ടോകൾ ഇലക്ട്രോണിക് മാർഗത്തിലൂടെ അവസാനം എപ്പോഴാണ് മറ്റൊരാൾക്ക് അയച്ചുകൊടുത്തത് എന്നാണ് മോർഗൻ വിദ്യാർത്ഥികളോട് പ്രധാനമായും ചോദിച്ചത്. സർവേയിൽ പങ്കെടുത്ത 56 ശതമാനം പേരും സ്വന്തം നഗ്നചിത്രങ്ങൾ മറ്റാർക്കെങ്കിലും അയച്ചുകൊടുത്തെന്ന് തുറന്നുസമ്മതിച്ചു. ഇതിൽ 73ശതമാനം പേരും സ്ത്രീകളായിരുന്നു എന്നതാണ് അത്ഭുതം. എന്തിനാണ് സ്വന്തം നഗ്നഫോട്ടോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്തതെന്നായിരുന്നു അടുത്ത ചോദ്യം. 23 കാരണങ്ങളാണ് ഇതിന് കാരണമായി പെൺകുട്ടികൾ നിരത്തിയത്.

ഈ കാരണങ്ങൾ നിരത്തി മോർഗൻ നടത്തിയ അപഗ്രഥനത്തിലും ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ലഭിച്ചത്. സ്വന്തം നഗ്ന ഫോട്ടോകൾ പങ്കാളിക്കോ മറ്റുള്ളവർക്കോ ഷെയർ ചെയ്യുന്നതിൽ തങ്ങളുടെ പുരുഷ പങ്കാളിയേക്കാൾ പെൺകുട്ടികൾ നാല് മടങ്ങ് മുന്നിലാണ്. പങ്കാളിക്ക് തങ്ങളിലുള്ള ലൈംഗിക താത്പര്യം നഷ്‌ടപ്പെടാതിരിക്കാനാണ് ഇത്തരം ഫോട്ടോകൾ അയയ്‌ക്കുന്നതെന്നായിരുന്നു മിക്കവരുടെയും മറുപടി.മാത്രവുമല്ല ഇങ്ങനെ ചിത്രങ്ങൾ എടുക്കുന്നതും അയയ്‌ക്കുന്നതും തങ്ങളുടെ മാനസിക ആരോഗ്യത്തെയും ആത്മവിശ്വാസത്തെയും വർദ്ധിപ്പിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. എന്നാൽ ചില സമയങ്ങളിൽ മാനസികമായി അസ്വസ്ഥരായി ഇരിക്കുമ്പോഴും ഇത്തരത്തിൽ ഫോട്ടോകൾ അയയ്‌ക്കാറുണ്ടെന്നും ഇവർ സമ്മതിക്കുന്നു.

അതേസമയം, തങ്ങളുടെ പ്രായപൂർത്തിയാവാത്ത മക്കൾ അവരുടെ നഗ്നശരീരം ചിത്രീകരിക്കുന്നതും അത് മറ്റുള്ളവ‌ർക്ക് അയച്ചുകൊടുക്കുന്നതും മാതാപിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണെന്നും മോർഗൻ പറയുന്നു. മക്കൾ ഇങ്ങനെയൊക്കെ ചെയ്യുന്നത് പല മാതാപിതാക്കൾക്കും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. അല്ലെങ്കിൽ മക്കളെ ഇതിൽ നിന്നും വിലക്കുന്നവരാണ് മിക്ക മാതാപിതാക്കളും. എന്നാൽ തങ്ങളുടെ പങ്കാളിയുമായി ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ എന്തൊക്കെ പങ്കിടാമെന്ന് മാതാപിതാക്കൾ മക്കൾക്ക് ലൈംഗിക വിദ്യാഭ്യാസത്തിനൊപ്പം തന്നെ പറഞ്ഞുമനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ചെയ്‌താൽ എന്തൊക്കെ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്നും അവരെ പറഞ്ഞ് മനസിലാക്കണമെന്നും മോർഗൻ തന്റെ പഠനത്തിൽ പറയുന്നു.