നുണ നിരന്തരമായി ആവർത്തിച്ചാൽ വാസ്തവമായി മാറുമെന്ന സിദ്ധാന്തം ഗീബൽസിന്റേതാണെന്നറിയാത്തവർ ചുരുക്കം. നിർഭാഗ്യവശാൽ ഗീബൽസിനെ സർവാംഗം അനുകരിക്കുകയാണ് നമ്മുടെ പ്രതിപക്ഷ നേതാവ്. ഫേസ്ബുക്കിലും പത്രസമ്മേളനങ്ങളിലും പൊതുവേദികളിലും എഡിറ്റ് പേജ് ലേഖനങ്ങളിലുമൊക്കെ നിരന്തരം കിഫ്ബിയെക്കുറിച്ച് ആവർത്തിക്കുന്ന വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ പരിശോധിച്ചാലത് വ്യക്തമാകും. കേരള ഗീബൽസാണ് താനെന്ന് ജനങ്ങളെക്കൊണ്ട് പറയിച്ചേ അടങ്ങൂ.. ലക്ഷ്യം, കേരള വികസനം മുടക്കുക.
കേരള കൗമുദിയുടെ വായനക്കാർക്കു മുന്നിൽ ഒരു ചെറിയ ഉദാഹരണം ചൂണ്ടിക്കാട്ടാം. കഴിഞ്ഞ ദിവസം കൗമുദിയുടെ എഡിറ്റ് പേജിൽ അദ്ദേഹത്തിന്റെ ഒരു ലേഖനമുണ്ടായിരുന്നു. അതിൽ ഇങ്ങനെയൊരു വാദമുണ്ട്; “2017 ൽ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് വിദേശപണ കമ്പോളത്തിൽനിന്നും 1.53 ശതമാനം പലിശയ്ക്ക് വായ്പ നൽകാൻ പലരും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, 30 വർഷത്തെ തിരിച്ചടവ് കാലാവധി ലഭിക്കുമെന്നുമാണ്. എന്നാൽ ധനമന്ത്രി പറഞ്ഞിരുന്നതിൽ നിന്നും വിപരീതമായി ആറുമാസത്തിനു തിരിച്ചടവ് കാലാവധിയാരംഭിക്കുന്ന, ഒൻപത് ശതമാനത്തിനടക്കം പലിശയുള്ള വായ്പകളാണ് കിഫ്ബി എടുത്തു കൊണ്ടിരിക്കുന്നത്”. ഈ ആരോപണത്തിന്റെ അർത്ഥമെന്താണ് ? 1.53 ശതമാനം പലിശയ്ക്ക് വായ്പയെടുക്കുമെന്ന് പറയുകയും ഒമ്പതു ശതമാനം പലിശയ്ക്ക് വായ്പ എടുക്കുകയും ചെയ്തെന്നാണല്ലോ. 13 ഉം 14 ഉം ശതമാനം പലിശയ്ക്ക് സർക്കാർ തന്നെ വായ്പയെടുത്തിട്ടുണ്ട്. അതവിടെ നിൽക്കട്ടെ, മൂന്നു ശതമാനം നിരക്കിൽ ഡോളർ വായ്പകൾ ലഭ്യമാണ്. പക്ഷേ, എക്സ്ചേഞ്ച് റിസ്ക്കുണ്ട്. 1.53 ശതമാനത്തിനു മാത്രമേ മുഴുവൻ വായ്പയുമെടുക്കൂ എന്ന് ഞാനെവിടെയാണ് പറഞ്ഞത് ? ഇതു സംബന്ധിച്ച് സർക്കാർ ജനങ്ങൾക്കു നൽകിയ ഉറപ്പിന്റെ ആധികാരികത നിയമസഭയിലെ പ്രഖ്യാപനമാണെന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവിനും തർക്കമുണ്ടാകില്ല. 2017 മാർച്ച് 8, 9 തീയതികളിൽ നിയമസഭയിൽ ഞാൻ നടത്തിയ പ്രസംഗം പൊതുരേഖയാണ്. 9.5 ശതമാനം വരെയാണ് പലിശ പ്രതീക്ഷിക്കുന്നത് എന്ന് ഞാൻ വ്യക്തമായി പറഞ്ഞത് സഭാരേഖയിലുണ്ട്. (പേജ് 33, നിയമസഭാ നടപടികളുടെ സംഗ്രഹം, 2017 മാർച്ച് 8). 2017 മാർച്ച് ഒൻപതിന് ബഡ്ജറ്റിനുള്ള മറുപടി പ്രസംഗത്തിൽ ഇക്കാര്യം ഞാനിങ്ങനെയാണ് വ്യക്തമാക്കിയത്. സഭാരേഖകളിൽ നിന്ന് ഉദ്ധരിക്കട്ടെ. “ഇന്നലെ ശ്രീ കെ.എസ് ശബരീനാഥന്റെ ചോദ്യത്തിന് ഉത്തരമായി ഞാൻ പറഞ്ഞത്, 9.5 ശതമാനമാണ് പലിശ വച്ചിരുന്നത് എന്നാണ്. അപ്പോൾ അമ്പതിനായിരം കോടി രൂപയുടെ പ്രോജക്ടിന് തിരിച്ചടവ് ഒരു ലക്ഷം കോടി രൂപയാകുന്നു”. (നിയമസഭാ നടപടിക്രമം കരട്, പേജ് 97-98) ചുരുക്കമിതാണ്. കിഫ്ബിക്ക് 9.5 ശതമാനം വരെ പലിശയ്ക്ക് വായ്പയെടുക്കുമെന്നും അമ്പതിനായിരം കോടി രൂപ വായ്പയുടെ തിരിച്ചടവ് ഒരു ലക്ഷം കോടിയാകുമെന്നും നിയമസഭയിൽത്തന്നെ വ്യക്തമാക്കിയതാണ്. ഈ പ്രസംഗങ്ങൾക്ക് പ്രതിപക്ഷ നേതാവും സാക്ഷിയാണല്ലോ. 9.5 ശതമാനം വരെ പലിശയ്ക്ക് വായ്പയെടുക്കുമെന്ന് നിയമസഭയിൽ പറഞ്ഞത് അദ്ദേഹവും കേട്ടതാണല്ലോ. അതു പറ്റില്ലെന്ന് നിയമസഭയിൽ എപ്പോഴെങ്കിലും പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുണ്ടോ? ഇല്ല. ഏകകണ്ഠമായാണ് നിയമസഭ പാസാക്കിയത്. താൻ കൂടി അംഗീകരിച്ചു പാസാക്കിയ പദ്ധതിയെക്കുറിച്ചാണ് അദ്ദേഹം കേരളകൗമുദിയിൽ വസ്തുതാവിരുദ്ധമായ പരാമർശം നടത്തിയത്. വായനക്കാരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാണത്. അസത്യം ഏകപക്ഷീയമായി ആവർത്തിച്ചാൽ ആരെങ്കിലും വിശ്വസിച്ചേക്കാമെന്ന വ്യാമോഹത്തിലാണ് പ്രതിപക്ഷ നേതാവ്. പാലാരിവട്ടം ജാള്യം മറയ്ക്കാനാണിതെന്ന് ആർക്കാണറിയാത്തത് ?
സമാനമാണ് സി.എ.ജി പരിശോധനയെക്കുറിച്ചുള്ള ആക്ഷേപവും. കിഫ്ബി ഓഡിറ്റിംഗിൽ നിന്ന് സി.എ.ജിയെ ഒരിക്കലും വിലക്കിയിട്ടില്ല. എന്നുമാത്രമല്ല, ഡി.പി.സി ആക്ട് 14 (1) പ്രകാരം സി.എ.ജി 2018ലും 2019ലും സമ്പൂർണമായ ഓഡിറ്റ് (all receipts and expenditure) നടത്തിയിട്ടുണ്ട്. ഏതെങ്കിലും ഫയൽ ഓഡിറ്റ് ടീമിന് നിഷേധിച്ചെന്ന് പരാതിയോ ആക്ഷേപമോ ഉയർന്നിട്ടുണ്ടോ? ഈ രണ്ട് ഓഡിറ്റു കാലത്തും ഇല്ലാത്ത പ്രശ്നം ഇപ്പോഴെങ്ങനെ ഉണ്ടായി? സർക്കാരിന്റെ ഭാഗം വ്യക്തമാണ്. കിഫ്ബിയിൽ സി.എ.ജിയുടെ ഒരു പരിശോധനയ്ക്കും സർക്കാർ എതിരല്ല. 2018, 19 വർഷങ്ങളിൽ ഒരു തടസവുമില്ലാതെ പൂർത്തിയായ പരിശോധന ഇനിയും തുടരാം. ഏതെങ്കിലും ഫയൽ നൽകാതിരിക്കുകയോ മറച്ചുവയ്ക്കുകയോ ചെയ്യുന്ന പ്രശ്നമേയില്ല.
“തുടങ്ങിയിടത്ത് നിൽക്കുന്ന കിഫ്ബി”യെന്നാണ് അദ്ദേഹത്തിന്റെ ലേഖനത്തിന്റെ ഒരു ഉപതലക്കെട്ട്. എന്നാൽ 7031 കോടിയുടെ പദ്ധതികൾ ആരംഭിച്ചെന്ന് അദ്ദേഹം സമ്മതിക്കുന്നുമുണ്ട്. 558ഓളം പദ്ധതികളിൽ 228 എണ്ണം മാത്രമാണ് ആരംഭിച്ചതെന്നും ചൂണ്ടിക്കാണിക്കുന്നു. പകുതിയോളം പദ്ധതികൾ ആരംഭിച്ചെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയപ്പോൾ ഇതേക്കുറിച്ച് ഇനി ഞാനെന്തു പറയാനാണ്? തലക്കെട്ടോ, “തുടങ്ങിയേടത്തു നിൽക്കുന്ന കിഫ്ബി”യെന്നും. തലക്കെട്ടിനു ചേർന്ന രീതിയിലാകേണ്ടേ, ആരോപണവും? രണ്ടാമതൊരു തവണ കൂടി വായിച്ചുറപ്പു വരുത്താതെ നേരെ പ്രസിലേക്കയച്ചാൽ ഇതുപോലുള്ള അബദ്ധങ്ങൾ പറ്റും.
പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ 7031 കോടിയുടെ പദ്ധതികളല്ല ആരംഭിച്ചത്. പണി ആരംഭിക്കുകയും പുരോഗമിക്കുകയും ചെയ്യുന്ന പദ്ധതികളുടെ ചെലവ് പതിനായിരം കോടിക്ക് മുകളിലാണ്. കിഫ്ബിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആരോപണങ്ങളുടെ പൊതുസ്വഭാവം ഇതാണ്. യുക്തിയോ പൂർവാപര ബന്ധമോ ഒന്നുമുണ്ടാവില്ല. എന്തൊക്കെയോ പറയുന്നു. തുടക്കം മുതലുള്ള വിമർശനങ്ങൾ ഓർത്തു നോക്കൂ. കിഫ്ബി ആകാശ കുസുമമെന്നായിരുന്നു ആദ്യത്തെ ആക്ഷേപം. ഇപ്പോൾ ആ വാക്കു മിണ്ടുന്നില്ല. സ്വന്തം മണ്ഡലത്തിലടക്കം കിഫ്ബി പദ്ധതികൾ നിർമാണമാരംഭിച്ചപ്പോൾ ആകാശകുസുമത്തെ നിശബ്ദം വിഴുങ്ങി. പണമെവിടെ നിന്നെന്നും ചോദിച്ചായിരുന്നു അടുത്ത അങ്കം. പതിനായിരത്തോളം കോടി രൂപ വിവിധ ഏജൻസികളിൽനിന്നായി ടൈ അപ്പ് ആവുകയും മസാലാബോണ്ട് വിജയിക്കുകയും ചെയ്തപ്പോൾ ആ സംശയത്തിനും അടിസ്ഥാനമില്ലാതായി. പണം കിട്ടുമെന്നായപ്പോൾ പലിശയെക്കുറിച്ചായി തർക്കം. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കേരളത്തിന്റെ കിഫ്ബി ലിസ്റ്റു ചെയ്യപ്പെടുകയും മാദ്ധ്യമങ്ങൾ സർക്കാരിനെ പ്രകീർത്തിക്കുകയും ചെയ്തതോടെ പ്രതിപക്ഷനേതാവിന്റെ ഉറക്കം പോയി. ബോണ്ട് വിൽക്കാൻ കമ്മിഷൻ വാങ്ങി എന്നായി അടുത്ത ബഹളം. അടിയന്തരപ്രമേയവുമായി നിയമസഭയിലെത്തി. ചർച്ച കഴിഞ്ഞപ്പോൾ പ്രമേയം എന്തു ചെയ്യണമെന്നറിയാതെ അന്തംവിട്ടിരിപ്പായി. വായ്പ എങ്ങനെ തിരിച്ചടയ്ക്കും എന്ന ചോദ്യത്തിനും നിയമസഭാചർച്ചയിൽ വ്യക്തത വന്നു. പ്രതിപക്ഷനേതാവും കൂടി പാസാക്കിയ നിയമത്തിൽ പറഞ്ഞ സർക്കാർ സഹായം മാത്രം മതി കിഫ്ബിയെടുക്കുന്ന വായ്പ തിരിച്ചടയ്ക്കാനെന്ന് കണക്കുകൾ സഹിതം നിയമസഭയിൽ തെളിയിച്ചു. കിഫ്ബി കേരളത്തെ കടക്കെണിയിലാക്കും എന്ന ആരോപണവും നിയമസഭയിൽ പൊളിഞ്ഞതാണ്. പഴയ ആരോപണങ്ങളൊക്കെയും പൊളിഞ്ഞപ്പോഴാണ് സി.എ.ജി റിപ്പോർട്ട്, ട്രാൻസ്ഗ്രിഡ് എന്നിവയിൽ കയറിപ്പിടിച്ചത്. മുഖ്യമന്ത്രിയുടെ വിശദമായ മറുപടിയോടെ അതിന്റെ ഗ്യാസും പോയി. പ്രതിപക്ഷ നേതാവ് മന്ത്രിയായിരുന്ന കാലത്താണ് ഡൽഹി ഷെഡ്യൂൾ ഒഫ് റേറ്റ് സംസ്ഥാനത്ത് പി.ഡബ്ല്യു.ഡി തന്നെ സ്വീകരിച്ചത്. അങ്ങനെയൊരാൾ, വൈദ്യുതി ബോർഡ് ഡി.എസ്. ആർ റേറ്റ് ഉപയോഗിക്കുന്നു എന്ന ആക്ഷേപത്തെ എങ്ങനെയാണ് വിലയിരുത്തേണ്ടത്.? പ്രതിപക്ഷ നേതാവിന്റെയും മറ്റും പ്രശ്നം വ്യക്തമാണ്. കഴിഞ്ഞ സർക്കാരിന്റെ പൊതുപ്രതീകമായി പാലാരിവട്ടം പാലം ജനങ്ങൾക്കു മുന്നിലുണ്ട്. അതിന്റെ ജാള്യത മറയ്ക്കാൻ എന്തു ചെയ്യണമെന്നറിയാതെ ഉഴറുകയാണ് യു.ഡി.എഫ് നേതാക്കൾ. പൊതുസമൂഹം ഉയർത്തുന്ന ചോദ്യങ്ങൾ നേരിടാനാകുന്നില്ല. ദിവസംതോറും പുറത്തുവരുന്ന വാർത്തകളുടെയും വെളിപ്പെടുത്തലുകളുടെയും മുന്നിൽ ചൂളിനിൽക്കുകയാണ് യു.ഡി.എഫ് നേതൃത്വം. അപ്പോഴാണ് പ്രതിപക്ഷ നേതാവിന് ഈ ഐഡിയ തോന്നിയത്. കിഫ്ബിയെച്ചൂണ്ടി നിരന്തരം അട്ടഹസിച്ചു കൊണ്ടേയിരിക്കുക. കുറേപ്പേരുടെയെങ്കിലും ശ്രദ്ധ പാലാരിവട്ടത്തു നിന്നും മാറുമെന്നാണ് പ്രതീക്ഷ. അടവ് കൈയിലിരിക്കുകയേ ഉള്ളൂ. പാലാരിവട്ടം വേറെ, കിഫ്ബി വേറെ.