തിരുവനന്തപുരം: രാഷ്ട്രീയ നേതാവിന് ടെലിഫോണിലൂടെ ചുട്ട മറുപടി നൽകി സോഷ്യൽ മീഡിയയിൽ താരമായ എസ്.ഐ അമൃത് രംഗന് പൊലീസ് സേനയുടെ അംഗീകാരം. അന്വേഷണ മികവിനുള്ള ജില്ലാ പൊലീസ് സേനയുടെ ഗുഡ്‌സ് സർവീസ് എൻട്രിയാണ് കളമശേരി എസ്.ഐയായ അമൃത് രംഗനെ തേടിയെത്തിയത്. കളമശേരിയിൽ നടന്ന മയക്കു മരുന്ന് വേട്ടയ്ക്കാണ് അംഗീകാരം.
മുമ്പ് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സക്കീർ ഹുസെെനുമായാണ് എസ്.ഐ കൊമ്പുകോർത്തത്. കൊച്ചിൻ യൂണിവേഴ്‌സിറ്റി ക്യാംപസിൽ സംഘർഷത്തിനിടെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിൽ കയറ്റിയതിന്റെ പേരിലാണ് സക്കീർ ഹുസൈൻ എസ്.ഐയുമായി മൊബൈൽ ഫോൺ വഴി വാക്കേറ്റത്തിലേർപ്പെട്ടത്. കളമശേരിയുടെ രാഷ്ട്രീയം അറിഞ്ഞു പ്രവർത്തിക്കണമെന്ന് സക്കീർ ഹുസൈൻ പറഞ്ഞിരുന്നു.
ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ മാദ്ധ്യങ്ങളിലൂടെ പുറത്തു വന്നതോടെയാണ് എസ്.ഐയുടെ മറുപടി വെെറലായത്. തനിക്ക് രാഷിട്രീയമില്ലെന്നും കുട്ടികൾ തമ്മിൽ തല്ലുന്നത് നോക്കി നിൽക്കാൻ തനിക്ക് കഴിയില്ലെന്നും കളമശേരിയിൽ തന്നെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും എസ്.ഐ പറഞ്ഞത് കയ്യടികളോടെയാണ് പൊതുജനം ഏറ്റെടുത്തത്. സംഭവം വിവാദമായതോടെ ബി.ജെ.പി നേതാക്കളുൾപ്പെടെ നിരവധി പ്രമുഖർ പൊതുജനത്തോടൊപ്പം അമൃത് രംഗന് പിന്തുണയുമായി എത്തിയിരുന്നു. അതിനിടെ എസ്.ഐ തന്റെ ഫോൺ സംഭാഷണം ചോർത്തി മാദ്ധ്യമങ്ങൾക്ക് നൽകിയെന്നും എസ്.ഐ ചട്ട ലംഘനം നടത്തിയെന്നും സക്കീർഹുസൈൻ ആരോപിച്ചിരുന്നു.