കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ചയോടെയാണ് ആന്തരിക അവയവങ്ങൾ പുറത്തുചാടി രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ ബീഹാറിലെ മുൻഗേർ ജില്ലയിൽ നിന്നും നാട്ടുകാർ ആ ഒന്നര വയസുകാരനെ കണ്ടെത്തുന്നത്. വയറ് കീറി ഹൃദയവും വൻകുടലും കരളുമെല്ലാം പുറത്തുകിടക്കുന്നത് കണ്ട നാട്ടുകാർ ആദ്യമൊന്ന് ഞെട്ടി. പിന്നെ സമീപത്തെ പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിച്ച ശേഷം പുറത്തുകിടന്ന അവയവങ്ങൾ അകത്തേക്ക് ഇട്ട് കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക്. അടിയന്തര ശസ്ത്രക്രിയ നടത്തിയ കുട്ടിയെ ഉടൻ തന്നെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി ബഗൽപ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
താരാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സോന്ദിയാ താന്തി തോലയിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവമുണ്ടായത്. സ്വന്തം വീട്ടിൽ നിന്നും വെറും നൂറ് മീറ്റർ അകലെ വച്ചാണ് കൃഷ്‌ണ താന്തിയുടെ ഏക മകൻ ആശിഷ് കുമാറിനെ ഗുരുതരമായ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. കുട്ടി കളിച്ചുകൊണ്ടിരിക്കുന്നത് താൻ കണ്ടതാണെന്നും പെട്ടെന്ന് നാട്ടുകാർ ബഹളം വയ്‌ക്കുന്നത് കേട്ട് ഓടിയെത്തുമ്പോഴാണ് ദാരുണ ദൃശ്യത്തിന് സാക്ഷ്യംവഹിച്ചതെന്നും കുട്ടിയുടെ അമ്മ രേഖാ ദേവി പറയുന്നു. തന്റെ കുടുംബത്തിന് ആരുമായും ശത്രുതയില്ല. കുട്ടിയെ ആക്രമിച്ചതിന് പിന്നിൽ ആരാണെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ കുഞ്ഞിനെ കുട്ടിക്കടത്തുകാർ ആക്രമിച്ചതായിരിക്കുമെന്നാണ് നാട്ടുകാർ കരുതിയത്. എന്നാൽ അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കാതെ തക്കതായ സമയത്ത് ആശുപത്രിയിൽ എത്തിക്കാനായത് മൂലമാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മൂർച്ചയേറിയ ആയുധം കൊണ്ടാണ് കുട്ടിയെ ആക്രമിച്ചതെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായും പൊലീസ് വൃത്തങ്ങളും അറിയിച്ചു.