mahindra-

കൊച്ചി: മഹീന്ദ്രയുടെ പുതിയ ട്രിയോ ഇ-ഓട്ടോ,​ ട്രിയോ യാരീ ഇ-റിക്ഷ എന്നിവ കേരള വിപണിയിലെത്തി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര ഇലക്‌ട്രിക് സി.ഇ.ഒ മഹേഷ് ബാബു,​ സംസ്ഥാന ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എന്നിവർ ചേർന്ന് ഇരു മോഡലുകളും വിപണിയിലിറക്കി.

ട്രിയോയ്ക്ക് 2.43 ലക്ഷം രൂപയും യാരീക്ക് 1.62 ലക്ഷം രൂപയുമാണ് ഓൺ-റോഡ് വില. ഇരു മോഡലുകൾക്കും കേരള സർക്കാരിന്റെ ഫെയിം സബ്‌സിഡിയായി 30,​000 രൂപ,​ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. പരിസ്ഥിതി സാഹർദ്ദമായി,​ നഗരയാത്രകൾക്ക് അനുയോജ്യമായ വിധമാണ് ട്രിയോയുടെ രൂപകല്‌പന. കലാവസ്ഥയെ പ്രതിരോധിക്കാൻ കട്ടിയുള്ള ടോപ്പുമുണ്ട്. വിശാലമാണ് അകത്തളം. ട്രിയോയിൽ മൂന്നുപേർക്കും യാരീയിൽ നാലുപേർക്കും യാത്ര ചെയ്യാം.

ഗിയറുകളോ ക്ളച്ചുകളോ ട്രിയോയ്ക്കില്ല. ഡയറക്‌ട് ഡ്രൈവ് സംവിധാനമാണുള്ളത്. 5.4 കിലോവാട്ട് കരുത്തും 30 എൻ.എം ടോർക്കുമുള്ളതാണ് മോട്ടോർ.​ ലിഥിയം-അയൺ ബാറ്ററിയാണുള്ളത്. സാധാരണ മൊബൈൽ ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാം. ട്രിയോ മൂന്ന് മണിക്കൂർ 50 മിനുട്ടുകൊണ്ടും യാരീ രണ്ടര മണിക്കൂർ കൊണ്ടും ഫുൾ ചാർജാകും. ഒറ്റ ചാർജിംഗിൽ ട്രിയോ 130 കിലോമീറ്ററും യാരീ 85 കിലോമീറ്ററും ഓടും. ട്രിയോയ്ക്ക് 45 കിലോമീറ്ററും യാരീക്ക് 24.5 കിലോമീറ്ററുമാണ് ടോപ് സ്‌പീഡ്.

മെയിന്റനൻസ് ചെലവിൽ മറ്റ് ഓട്ടോകളെ അപേക്ഷിച്ച് ഉപഭോക്താവിന് 21,​000 രൂപയ്‌ക്കുമേൽ പ്രതിവർഷം ലാഭിക്കാമെന്ന് മഹേഷ് ബാബു പറഞ്ഞു. മൂന്നുവർഷം/80,​000 കിലോമീറ്രർ വാറന്റിയും ലഭ്യമാണ്.