dhanushkodi-

ധനുഷ്‌കോടി, ഒരു കാലത്തു ഇന്ത്യയിലെ കുട്ടി സിംഗപ്പൂർ എന്നറിയപ്പെട്ടിരുന്ന വാണിജ്യ കച്ചവട നഗരം. ലോകത്തെ തന്നെ ഏറ്റവും മനോഹരമായ തീരങ്ങളിൽ ഒന്ന്. ഒന്നല്ല രണ്ടു കടൽ തീരങ്ങൾ ഒരു ഭാഗത്തു ഇന്ത്യൻ മഹാ സമുദ്രവും മറു ഭാഗത്തു ബംഗാൾ ഉൾക്കടലും. ധനുഷ്‌കോടിയിലെത്തണമെങ്കിൽ രാമേശ്വരത്തെത്തണം. രാമേശ്വരത്തേണമെങ്കിൽ പാമ്പൻ പാലം കടക്കണം. രാമേശ്വരത്തെത്തുന്നവർ കണ്ടാലും കണ്ടാലും കൊതി തീരാത്ത ധനുഷ്‌കോടിയിലേക്കുള്ള ഇരുപത് കിലോമീറ്റർ യാത്ര ആസ്വദിക്കാതെ പോകില്ലെന്ന് ഉറപ്പ്. ഇവിടെ അരിച്ചാ മുനമ്പിൽ നിന്നും ശ്രീലങ്കയിലേക്ക് വെറും പതിനെട്ട് കിലോമീറ്റർ മാത്രമാണ് കടൽ ദൂരം. പക്ഷെ 55 വർഷം മുൻപ് തീരത്തു ആഞ്ഞടിച്ച ഒരു സൈക്ലോൺ ധനുഷ്‌കോടി എന്ന പുരാതന നഗരത്തെ പ്രേത നഗരമാക്കി മാറ്റിയിരിക്കുന്നു. നിലവിൽ ആൾ വാസമില്ലാത്ത, കെട്ടിടങ്ങളൊന്നുമില്ലാത്ത ഒരു ഭൂവിഭാഗമാണ് ധനുഷ്‌കോടി ഇന്ന്.

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയുടെ വടക്കു കിഴക്കേ ഭാഗത്തെ അതി മനോഹര തീരമാണ് ധനുഷ്‌കോടി . പാമ്പൻ ദ്വീപിന്റെ അവസാന ഭാഗം. പാമ്പൻ പാലം കയറി പ്രശസ്തമായ രാമേശ്വരം ക്ഷേത്ര ദർശനം നടത്തിയാണ് സഞ്ചാരികളും ഭക്തരും ധനുഷ്‌കോടിയിലേക്കു തിരിക്കുക. രാമേശ്വരത്തു നിന്നും ഉൾവലിഞ്ഞു കിടക്കുന്ന ധനുഷ്‌കോടി ആരുടേയും മനം കവരും. ശ്രീലങ്കയുടെ പടിഞ്ഞാറായി കിടക്കുന്ന തലൈ മാന്നാർ ആണ് ധനുഷ്‌കോടിയോടു ഏറ്റവും അടുത്ത് കിടക്കുന്ന ഭൂവിഭാഗം. മധുരയിൽ നിന്നും പാമ്പൻ പാലം കടന്നു രാമേശ്വരം വരെ തീവണ്ടി സർവീസുണ്ട്. രാമേശ്വരത്തു ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ട്. വൈവിധ്യമാർന്ന ഒരു തീരം തേടിയുള്ള യാത്രക്കിടെ കാണുന്നത് തികച്ചും വൈവിധ്യം നിറഞ്ഞ പ്രകൃതി ഭംഗി. ഇടയ്ക്കിടെ തീരത്തോട് ചേർന്ന് പൈൻ മരങ്ങൾ. വിശാലമായ റോഡിന്റ വലതു ഭാഗത്തു ആർത്തലക്കുന്ന ഇന്ത്യൻ മഹാ സമുദ്രം നീലയും പച്ചയും കറുപ്പും നിറങ്ങൾ അണിഞ്ഞു അങ്ങനെ കിടക്കുന്നു. ഇടതു വശത്തു ബംഗാൾ ഉൾക്കടൽ. ഒരു ശല്യവുമുണ്ടാക്കാതെ തിരമാലകൾ ഒന്നുമില്ലാതെ നിശബ്ദമായാണ് ഉൾക്കടലിന്റെ കിടപ്പ്.

dhanushkodi-

ധനുഷ്‌കോടിയിലേക്കുള്ള റോഡ് അവസാനിക്കുന്നത് അരിച്ചാൽ മുനമ്പിലാണ്. ഇവിടെ ശാന്തനായ ബംഗാൾ ഉൾക്കടലും സദാ പ്രക്ഷുബ്ധമായ ഇന്ത്യൻ മഹാ സമുദ്രവും ഒരുമിച്ചു കിടക്കുന്നു. അരിച്ചാൽ മുനമ്പിൽ നിന്ന് തന്നെ കാണാം പണ്ട് പുരാണങ്ങളിൽ പറഞ്ഞിരുന്ന ശ്രീലങ്കയിലേക്കുള്ള രാമ സേതു. വിശ്വാസമോ ചരിത്രമോ എന്ത് പറഞ്ഞാലും ശ്രീലങ്കയിലേക്ക് നീളുന്ന ഈ മണൽത്തിട്ട ഒരു അത്ഭുതം തന്നെയാണ്. ഇവിടേക്കിറങ്ങാൻ പോലീസിന്റെ വിലക്കുണ്ട്. ഏതു സമയവും മണൽ തിട്ടയിൽ ഗർത്തങ്ങൾ രൂപപ്പെടാം എന്നത് തന്നെ കാരണം.

dhanushkodi-

ഒരു ഭാഗത്തു ധനുഷ്‌കോടി മനോഹാരിതക്കു പേരെടുക്കുമ്പോൾ അതിന്റെ മറുവശത്തു വിലാപത്തിന്റെയും കണ്ണീരിന്റെയും പ്രകൃതിയുടെ കുടിയൊഴിപ്പലിന്റെയും മറ്റൊരു വശം കൂടിയുണ്ട്. മനോഹര തീരമായ ധനുഷ്‌കോടി ഇന്ന് പക്ഷെ പ്രേത നഗരമാണ്. പണ്ടൊരു കാലത്തു കുട്ടി സിഗപ്പൂർ എന്നറിയപ്പെട്ടിരുന്ന വാണിജ്യ കച്ചവട പ്രാധാന്യമുള്ള നഗരമായിരുന്നു ധനുഷ്‌കോടി. തനതായ സംസ്‌കാരവും ആവാസവ്യവസ്ഥയുമൊക്കെയുള്ളതായിരുന്നു ഇവിടത്തെ ജനത. 55 വർഷം മുമ്പ് 1964 ഡിസംബർ 23 നു രാത്രി ശ്രീലങ്ക വഴി ധനുഷ്‌കോടി തീരത്തു ആഞ്ഞടിച്ച സൈക്ലോൺ തകർത്തെറിഞ്ഞത് ധനുഷ്‌കോടിയെയായിരുന്നു. ഏതാണ്ട് 2000 പേരടങ്ങുന്ന ജനതയാണ് അന്ന് കടലിലേക്ക് ഒലിച്ചു പോയത്. ഒരു നഗരം തന്നെ ഇല്ലാതായി. കടൽ കയറി വീടുകൾ എല്ലാം വെള്ളത്തിനടിയിലായി. ധനുഷ്‌കോടിയിൽ എത്തിയ തീവണ്ടി അടക്കം യാത്രക്കാരും റെയിൽവേ സ്റ്റേഷനും ഒലിച്ചു പോയി. ആ നഗര പെരുമയുടെ കെട്ടിട അവശിഷ്ടങ്ങൾ ഇന്നും ധനുഷ്‌കോടി തീരത്തുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനസ്സിൽ വേദനയായി ആ ശേഷിപ്പുകൾ ഇന്നും തുടരുന്നു.

dhanushkodi-

ഇതോടെ ധനുഷ്‌കോടിയെ വാസയോഗ്യമല്ലാത്ത സ്ഥലമായി സർക്കാർ പ്രഖ്യാപിച്ചു. അന്നുമുതൽ ഇവിടെ കെട്ടിടനിർമാണത്തിന് വിലക്ക് വന്നു. ഇവിടെ താമസിക്കാൻ ആർക്കും അനുമതിയുമില്ല. ആകെ ഉള്ളത് കുടിലുകളിൽ താമസിക്കുന്ന ഏതാനും മൽസ്യ തൊഴിലാളി കുടുംബങ്ങളാണ്. പ്രളയം തകർത്തെറിഞ്ഞ പഴയ റെയിൽ പാത പുനരുജ്ജീവിപ്പിക്കാനാണ് സർക്കാർ ശ്രമം. കേന്ദ്രം 288 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. പുതിയ റെയിൽ പാതക്ക് വേണ്ടിയുള്ള സർവ്വേ ആരംഭിച്ചു കഴിഞ്ഞു.