ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് ഹാസ്യനടനും ടി.ഡി.പി അംഗവുമായ വേണു മാധവ് അന്തരിച്ചു. 39 വയസായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് വേണു മാധവ് യശോദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുര്യാപേട് സ്വദേശിയാണ്. 1996ൽ ഇറങ്ങിയ സമ്പ്രദായം എന്ന സിനിമയിലൂടെയാണ് വേണു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് തെലുങ്കിലും തമിഴിലും നിരവധി സിനിമകളിൽ വേഷമിട്ടു. സിംഹാദ്രി, യുവരാജ്, ദിൽ, സംക്രാന്തി തുടങ്ങി 150ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. 2016ൽ ഇറങ്ങിയ ഡോ. പരമാനന്ദയ്യ സ്റ്റുഡന്റ്‌സ് എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. സമീപ തിരഞ്ഞെടുപ്പുകളിൽ തെലുങ്ക് ദേശം പാർട്ടിയുടെ പ്രചാരണ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. വേണു മാധവന്റെ വിയോഗത്തിൽ സിനിമാ- രാഷ്‍ട്രീയ മേഖലയിലുള്ളവർ അനുശോചനം രേഖപ്പെടുത്തി. വേണു മാധവന്റെ അകാലവിയോഗം വലിയ ദുഃഖത്തോടെയാണ് കേട്ടതെന്നും കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും സെയ് റാ നരസിംഹ റെഡ്ഡിയുടെ സംവിധായകൻ സുരേന്ദർ റെഡ്ഡി പറഞ്ഞു.