കൊച്ചി: കേരളത്തെ പൂർണമായി പ്രകൃതി സൗഹാർദ്ദ ഗതാഗത സംവിധാനത്തിലേക്ക് മാറ്റാനുള്ള നടപടികളുടെ ഭാഗമായി 2020 ഏപ്രിൽ ഒന്നുമുതൽ പുതിയ ഓട്ടോറിക്ഷാ പെർമിറ്റ് വൈദ്യുതോർജം,​ എൽ.പി.ജി.,​ സി.എൻ.ജി.,​ എൽ.എൻ.ജി എന്നീ ഇന്ധനം ഉപയോഗിക്കുന്നവയ്‌ക്ക് മാത്രം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കരട് വിജ്ഞാപനം പുറത്തിറക്കി. അന്തിമ നോട്ടിഫിക്കേഷൻ ഉടനുണ്ടാകും.

പെട്രോൾ/ഡീസൽ ഇന്ധനം ഉപയോഗിക്കുന്ന,​ 15 വർഷത്തിലേറെ പഴക്കമുള്ള ഓട്ടോറിക്ഷകൾ പ്രകൃതി സൗഹാർദ്ദ ഇന്ധനത്തിലേക്ക് മാറിയാൽ മാത്രമേ 2020 ഏപ്രിൽ ഒന്നുമുതൽ പെർമിറ്റ് കിട്ടൂ. 15 വർഷത്തിൽ താഴെ പഴക്കുള്ള പെട്രോൾ/ഡീസൽ ഓട്ടോറിക്ഷകൾക്ക് തത്‌സ്ഥിതി തുടരാം. അവയും 15 വർഷം പൂർത്തിയാകുന്ന മുറയ്ക്ക് പ്രകൃതി സൗഹാർദ്ദ ഇന്ധനത്തിലേക്ക് മാറണം.

അന്തരീക്ഷ മലിനീകരണം സൃഷ്‌ടിക്കുന്ന വാഹനങ്ങളിൽ മുൻപന്തിയിൽ പെട്രോൾ/ഡീസൽ ഓട്ടോകളാണെന്നും അവയെ പ്രകൃതി സൗഹാർദ്ദ ഇന്ധനത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യമെന്നും ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ 'കേരളകൗമുദി"യോട് പറഞ്ഞു.

2022ഓടെ കേരളത്തിൽ 10 ലക്ഷം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇതിൽ രണ്ടു ലക്ഷം ടൂവീലറുകളും ആയിരം ചരക്കു വാഹനങ്ങളും കെ.എസ്.ആർ.ടി.സിക്കായി 3,​000 ബസുകളും 50,​000 ഓട്ടോറിക്ഷകളും ഉൾപ്പെടുന്നു.

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് (കെ.എ.എൽ)​ പ്രതിവർഷം 8,​000 ഇ-ഓട്ടോകൾ നിർമ്മിക്കാനുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്. വൈദ്യുതി വാഹനങ്ങൾ നിർമ്മിക്കാൻ രാജ്യത്ത് ആദ്യമായി അനുമതി ലഭിച്ച പൊതുമേഖലാ സ്ഥാപനമാണിത്.

സംസ്ഥാനത്ത് വൈദ്യുത വാഹന സോണുകൾ (ഇ.വി. സോൺ)​ രൂപീകരിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. സെക്രട്ടേറിയ‌‌റ്റ്,​ ടെക്‌നോപാർക്ക്,​ ഇൻഫോപാർക്ക്,​ ടൂറിസം കേന്ദ്രങ്ങൾ എന്നിവയെയാണ് ഇതിനായി പരിഗണിക്കുന്നത്. ഇ-വണ്ടികൾക്ക് ബാറ്ററി ചാർജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യമൊരുക്കാൻ കെ.എസ്.ഇ.ബി 186 സ്ഥലങ്ങളും തയ്യാറാക്കും. തിരുവനന്തപുരം,​ കൊച്ചി,​ കോഴിക്കോട് എന്നിവടങ്ങളിലെ സ്ഥലങ്ങളുടെ ആദ്യപട്ടിക കെ.എസ്.ഇ.ബി സർക്കാരിന് കൈമാറി.

അടിസ്ഥാന സൗകര്യമൊരുക്കാൻ പ്രാഥമികമായി ഒമ്പത് കോടി രൂപയുടെ നിർദേശം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഇ-വണ്ടികൾക്ക് സബ്‌സിഡിക്ക് പുറമേ റോഡ് നികുതിയിൽ മികച്ച ഇളവുമുണ്ട്. ഇ-ഓട്ടോകൾക്ക് 50 ശതമാനവും മറ്റ് ഇ-വണ്ടികൾക്ക് 25 ശതമാനവും ഇളവ് ലഭിക്കും.

മാറ്രം ഇങ്ങനെ

 15 വർഷം കഴി​ഞ്ഞ പെട്രോൾ/ഡീസൽ ഓട്ടോറിക്ഷകൾക്ക് 2020 ഏപ്രിൽ ഒന്നുമുതൽ പെർമിറ്ര് വേണമെങ്കിൽ വൈദ്യുതോർജം,​ എൽ.പി.ജി.,​ എൽ.എൻ.ജി.,​ സി.എൻ.ജി എന്നിവയിലേക്ക് 'കൺവെർട്ട്" ചെയ്യണം.