ന്യൂയോർക്ക്: കാശ്മീർ വിഷയം അന്താരാഷ്ട്രവത്കരിക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾ പരാജയപ്പെട്ടതായി തുറന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വിഷയം അന്താരാഷ്ട്രസമൂഹം കൈകാര്യംചെയ്ത രീതിയിൽ താൻ നിരാശനാണെന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ഇതുവരെ രാജ്യാന്തര സമ്മർദ്ദമില്ല. എന്നാൽ സമ്മർദ്ദം ചെലുത്താൻ വിവിധ വേദികളിൽ പാകിസ്ഥാൻ ശ്രമം തുടരുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ന്യൂയോർക്കിൽ യു.എൻ പൊതുസഭാ സമ്മേളനത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇന്ത്യയുടെ സാമ്പത്തിക നിലവാരവും ആഗോള പ്രാധാന്യവും കൊണ്ടാണ് കാശ്മീരിനെക്കുറിച്ചുള്ള പാക് നിലപാടുകൾ രാജ്യാന്തര വേദികളിൽ അവഗണിക്കപ്പെടുന്നത്. 120 കോടി ജനങ്ങളുടെ വിപണിയായിട്ടാണ് ആളുകൾ ഇന്ത്യയെ കാണുന്നത്- ഇമ്രാൻ പറഞ്ഞു. വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, യു.എന്നിലെ പാക് പ്രതിനിധി മലീഹ ലോധി എന്നിവരും ഇമ്രാൻ ഖാനോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ, വിഷയം അന്താരാഷ്ട്ര പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരാനും ഇന്ത്യയെ ഒറ്റപ്പെടുത്താനുമുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾ തുടർച്ചയായി പരാജയപ്പെട്ടിരുന്നു. യു.എൻ രക്ഷാസമിതിയിലടക്കം പാകിസ്ഥാന് നിരാശയായിരുന്നു ഫലം. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇമ്രാൻ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ നിരാശാപ്രകടനമെന്നതും ശ്രദ്ധേയമാണ്. കാശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ട്രംപ് ഇമ്രാനെ അറിയിച്ചിരുന്നതായാണ് റിപ്പോർട്ട്.
നാളെ യു.എൻ പൊതുസഭാ സമ്മേളനത്തിലും ഇമ്രാൻ ഖാൻ കാശ്മീർ വിഷയം സംസാരിക്കും. പൊതുസഭയിൽ കാശ്മീർ വിഷയം ഇന്ത്യ ആദ്യം ഉന്നയിക്കില്ല എന്നാണ് സൂചന. ആളുകൾ തങ്ങളെ വിശ്വസിക്കുന്നില്ലെന്നും ഇന്ത്യയെയാണ് വിശ്വസിക്കുന്നതെന്നും ഇക്കഴിഞ്ഞമാസം പാക് ആഭ്യന്തര മന്ത്രി ഇജാസ് അഹമ്മദും തുറന്നടിച്ചിരുന്നു.