mc-kamarudheen

കാസർകോഡ്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുതിർന്ന നേതാവ് എം.സി.കമറുദ്ദീൻ മത്സരിക്കുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. നിലവിൽ മുസ്‌ലിം ലീഗിന്റെ കാസർകോഡ് ജില്ലാ പ്രസിഡന്റാണ് കമറുദ്ദീൻ. തിരഞ്ഞെടുപ്പ് ചുമതല പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിക്കാണ്. അടുത്ത മാസം ഒന്നാം തീയതി തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തുമെന്നും ഷിഹാബ് തങ്ങൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും ആർ.എസ്.എസ് സംഘപരിവാർ ശക്തികൾക്കെതിരായ പോരാട്ടത്തിൽ എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്നും കമറുദ്ദീൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിന് മുമ്പ് ചിലയിടങ്ങളിൽ നിന്നുണ്ടായ തർക്കങ്ങൾ ഷിഹാബ് തങ്ങളുടെ പ്രഖ്യാപനത്തോടെ ഇല്ലാതായിരിക്കുകയാണ്. ഇനിയെല്ലാവരും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. മഞ്ചേശ്വരത്ത് മുഖ്യഎതിരാളി ബി.ജെ.പിയാണ്. എൽ.ഡി.എഫ് മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്താണ് വരുന്നതെന്നും കമറുദ്ദീൻ ചൂണ്ടിക്കാട്ടി.

അതേസമയം, മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.എച്.കുഞ്ഞമ്പുവിനെ രംഗത്തിറക്കുമെന്നാണ് വിവരം. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിൽ കുഞ്ഞമ്പുവിന്റെ പേര് മാത്രമാണ് സ്ഥാനാർത്ഥിയായി അവതരിപ്പിച്ചത്. മണ്ഡലം തിരിച്ച് പിടിക്കുമെന്ന് കുഞ്ഞമ്പു പ്രതികരിച്ചു. ലീഗിലെ തർക്കങ്ങൾ യു.ഡി.എഫിന് വിനയാകുമെന്നും കുഞ്ഞമ്പു പറ‌ഞ്ഞു.സി.പി.എം സംസ്ഥാനസമിതി അംഗമാണ് കുഞ്ഞമ്പു. മണ്ഡലത്തിൽ പ്രചാരണം കൊഴുപ്പിക്കാൻ മൂന്ന് മന്ത്രിമാരുണ്ടാകും. മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.കെ ശൈലജ, ഇ. ചന്ദ്രശേഖരൻ എന്നിവരെയാണ് ഇടതുമുന്നണി മഞ്ചേശ്വരത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. അതോടൊപ്പം എളമരം കരീം എം.പിയും മണ്ഡലത്തിൽ സജീവമാകും.

2006ൽ കന്നിക്കാരനായെത്തിയ കുഞ്ഞമ്പു, നാലുതവണ തുടർച്ചയായി മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽനിന്നും വിജയിച്ച ചെർക്കളം അബ്ദുള്ളയെ അട്ടിമറിയിലൂടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി എം.എൽ.എയായി. എന്നാൽ, 2011ലെയും 2016ലെയും തിരഞ്ഞെടുപ്പുകളിൽ പി.ബി അബ്ദു റസാഖിനോട് പരാജയപ്പെട്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. മഞ്ചേശ്വരത്തുനിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ കെ.ആർ ജയാനന്ദയുടെ പേരാണ് തുടക്കം മുതൽ സി.പി.എം പരിഗണിച്ചിരുന്നത്. മഞ്ചേശ്വരത്തെ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന വിഭാഗീയ പ്രശ്‌നങ്ങൾ ജയാനന്ദയുടെ മത്സര സാദ്ധ്യതയെ ബാധിക്കുമോയെന്ന ആശങ്കയാണ് ഒടുവിൽ കുഞ്ഞമ്പുവിന് നറുക്ക് വീഴാൻ കാരണമായതെന്നാണ് സൂചന.

അതിനിടെ എൻ.ഡി.എയും മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. നേരത്തെ അബ്‌ദുൽ റസാഖിനെതിരെ 89 വോട്ടുകൾക്ക് പരാജയപ്പെട്ട ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ തന്നെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ താൻ മത്സരിക്കാൻ ഇല്ലെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. മണ്ഡലത്തിലെ മുതിർന്ന നേതാവായ സുബ്ബരയ്യ റാവുവിനെ സ്ഥാനാർത്ഥിയാക്കാനാണ് ബി.ജെ.പി നീക്കം നടത്തുന്നത്. ഇന്ന് ഇതുസംബന്ധിച്ച ചർച്ചകളും നടന്നെങ്കിലും എന്തെങ്കിലും തീരുമാനമായോ എന്ന് വ്യക്തമല്ല.