ss

തിരുവനന്തപുരം: സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വ്യാപകമായി മയക്ക് ഗുളികകൾ വില്പന നടത്തിയ രണ്ടുപേരെ ഷാഡോ പൊലീസ് പിടികൂടി. പേയാട് വിളപ്പിൽ സ്വദേശി അദിത് കൃഷ്‌ണ (26), വട്ടിയൂർക്കാവ് വയലിക്കട സ്വദേശി സിബി മാത്യു (27) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നു 103 നൈട്രോസൺ ടെൻ ഗുളികകൾ കണ്ടെടുത്തു. ഫോർട്ട് പൊലീസ് കേസെടുത്തു. മാനസിക രോഗികൾക്ക് നൽകിവരുന്ന ഈ ഗുളികകൾക്ക് വിപണിയിൽ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ' ഷെഡ്യൂൾഡ് എച്ച് ' വിഭാഗത്തിൽപ്പെട്ട ഗുളികകൾ ഡോക്ടറുടെ കുറിപ്പടി കൂടാതെ ലഭിക്കില്ല. എന്നാൽ കുറിപ്പടികൾ വ്യാജമായി നിർമ്മിച്ച് മയക്കുഗുളികകൾ വാങ്ങിയാണ് ഇവർ വിറ്റിരുന്നത്. സിറ്റി പൊലീസ് കമ്മിഷണർ എം.ആർ. അജിത്തിന്റെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ ആർ. ആദിത്യ, മുഹമ്മദ് ആരിഫ്, ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോ അസി. കമ്മിഷണർ ജെ.കെ. ദിനിൽ, ഫോർട്ട് അസി. കമ്മിഷണർ പ്രതാപൻ നായർ, ഫോർട്ട് എസ്.എച്ച്.ഒ ഷെറി, എസ്.ഐ വിമൽ, ഷാഡോ ടീമംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.