road

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷങ്ങളിലുണ്ടായ പ്രളയത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 400 കോടി അനുവദിച്ചതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു.
പ്രളയത്തിലും ഉരുൾപൊട്ടലിലും പൊതുമരാമത്ത് വകുപ്പിന് 17,000 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് കേന്ദ്രസംഘത്തിന്റെ വിലയിരുത്തൽ. പുനർനിർമ്മാണത്തിന് ആവശ്യമായ ധനസഹായത്തിന് ലോകബാങ്ക്, ജർമ്മൻ ബാങ്ക് എന്നിവയുമായി ചർച്ച നടന്നുവരുന്നു.
റിപ്പയർ ആൻഡ് മെയിന്റനൻസിൽ ഉൾപ്പെടുത്തി ആദ്യഗഡുവായി ആഗസ്റ്റിൽ നൽകിയ 127 കോടിക്കൊപ്പം രണ്ടാം ഗഡുവായി സെപ്തംബറിൽ 273 കോടിയും അനുവദിച്ചു. 140 നിയോജകമണ്ഡലങ്ങളിലെയും കേടുപാടു സംഭവിച്ച റോഡുകൾക്ക് ആനുപാതികമായാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
ഒക്ടോബർ 31ന് മുമ്പായി കേരളത്തിലെ മുഴുവൻ റോഡുകളും ഗതാഗത യോഗ്യമാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളിൽ യാതൊരുവിധ അഴിമതിയും ഉണ്ടാകാതെ സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കാനും നിർദ്ദേശിച്ചതായി സുധാകരൻ പറഞ്ഞു.