അമൃത്‌സർ: പാക് ഭീകരർ കാശ്‌മീരിലേക്കുള്ള ആയുധങ്ങൾ ചൈനീസ് ഡ്രോണുകളിൽ പഞ്ചാബ് അതിർത്തിയിൽ ഇറക്കിയതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ
അറസ്റ്റ് ചെയ്‌തു. റൈഫിളുകളും വെടിക്കോപ്പുകളും ഉൾപ്പെടെ എൺപത് കിലോ ആയുധങ്ങളാണ് ഇറക്കിയത്. ഇതെല്ലാം പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.
പാക് ചാരസംഘടനയായ ഐ.എസ്.ഐ ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ് എന്ന ഭീകരഗ്രൂപ്പിന്റെ ഒത്താശയോടെയാണ് ആയുധങ്ങൾ എത്തിച്ചത്. ജർമ്മനിയിൽ നിന്ന് പാകിസ്ഥാനിലെ ലാഹോർ വഴി കൊണ്ടു വന്നതാണ് ആയുധങ്ങൾ. സെപ്തംബർ 9നും 16നും ഇടയിൽ ഡ്രോണുകൾ എട്ട് തവണ പറന്നാണ് ആയുധങ്ങൾ പഞ്ചാബിലെ അമൃത്‌സറിലും തരൻതരനിലും ആകാശത്ത് നിന്ന് ഇട്ടതെന്ന് പൊലീസ്
വൃത്തങ്ങൾ പറഞ്ഞു. ഈ മാസം 22ന് തരൻതരനിൽ തകർന്നു വീണ് തീപിടിച്ച ഒരു ഡ്രോണിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടത്.
തരൻതരനിലെ ചോളാ സാഹിബിൽ നിന്ന് ഞായറാഴ്ചയാണ് നാല് പേർ അറസ്റ്റിലായത്. 22കാരനായ ശുഭ്ദീപ് സിംഗ് എന്നയാളെ ചൊവ്വാഴ്‌ച അമൃത്‌സറിൽ നിന്നുമാണ് പിടികൂടിയത്. മാൻസിംഗ്, അമൃത്‌സർ ജയിലിൽ കഴിയുന്ന ആകാശ് ദീപ് എന്നിവരാണ് ഇവരെ ഭീകരതയിലേക്ക് നയിച്ചത്.
പഞ്ചാബ് അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ പാകിസ്ഥാൻ പ്രദേശത്ത് നിന്നാണ് ആളില്ലാ വിമാനങ്ങൾ ആയുധങ്ങളുമായി പറന്നുയർന്നതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി. രണ്ടായിരം അടി ഉയരത്തിൽ അഞ്ച് കിലോമീറ്റർ ഇന്ത്യയിലേക്ക് പറന്ന് 1200 അടി താഴത്തേക്ക് വന്നശേഷം ആയുധങ്ങൾ റിലീസ് ചെയ്‌തു എന്നാണ് കരുതുന്നത്. പർവതാരോഹണത്തിനുള്ള ചൈനീസ് നിർമ്മിത കയറുകൾ ഉപയോഗിച്ചാണ് ആയുധങ്ങൾ ഡ്രോണുകളുമായി ബന്ധിച്ചിരുന്നത്. നിശ്‌ചിത ഉയരത്തിൽ വച്ച് ഇതിന്റെ കെട്ടുകൾ സ്വയം അഴിഞ്ഞ് ആയുധങ്ങൾ ഭൂമിയിൽ വീഴുകയായിരുന്നു. രാത്രി 9.30നും 10. 30നും ഇടയ്‌ക്കാണ് ആയുധങ്ങൾ ഇട്ടത്.
ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സിന്റെ ജർമ്മനിയിലെ സൂത്രധാരനായ ഗുർമീത് സിംഗ് ബഗ്ഗയും പാകിസ്ഥാനിലെ ചീഫ് രൺജീത് സിംഗുമാണ് ഡ്രോണുകളിൽ ആയുധങ്ങൾ അയച്ചത്. അവസാനത്തെ ഡ്രോൺ ആണ് തരൺ തരണിലെ രജോകെ ഗ്രാമത്തിൽ അന്താരാഷ്ട്ര അതിർത്തിയിലെ വേലിയിൽ നിന്ന് രണ്ട് കിലോമീറ്റർ ഇപ്പുറം തകർന്ന് വീണത്. അതിർത്തിക്കപ്പുറത്തു നിന്നുള്ള നിർദ്ദേശ പ്രകാരം ഈ ഡ്രോണിന്റെ എട്ട് ചൈനീസ് നിർമ്മിത ബാറ്ററികൾ അറസ്റ്റിലായ പ്രതികൾ അഴിച്ചു മാറ്റിയിരുന്നു. അതെല്ലാം കണ്ടെത്തിയിട്ടുണ്ട്.
പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്
അഞ്ച് എ.കെ 47 റൈഫിളുകൾ - ഒന്നിന്റെ ഭാരം നാല് കിലോഗ്രാം
നാല് ചൈനീസ് പിസ്റ്റലുകൾ
ഒൻപത് ഗ്രനേഡുകൾ
1000 റൗണ്ട് വെടിയുണ്ടകൾ
പത്ത് ലക്ഷം രൂപയുടെ കള്ളനോട്ട്