-narendra-modi
NARENDRA MODI

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്കെതിരെ പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിൽനിന്ന് ഭീകരാക്രമണസാദ്ധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോർട്ടിനെ തുടർന്ന് ഇന്ത്യയിലെ 30 നഗരങ്ങളിലുൾപ്പെടെ അതീവജാഗ്രതാ നിർ‌ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കൂടാതെ രാജ്യത്തെ പ്രധാന വ്യോമസേനാത്താവളങ്ങളിലും സുരക്ഷാ ഭീഷണിയുള്ള വിവരം ഇന്ത്യൻ വ്യോമസേന വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് ശ്രീനഗർ‌, അവന്തിപ്പോര, ജമ്മു, പത്താൻകോട്ട്, ഹിൻഡൻ തുടങ്ങിയ വ്യോമസേനാത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ആക്രമണത്തിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചതായാണ് വിവരം.

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പ്രതികാരമെന്നോണം മോദി, ഷാ, ഡോവൽ എന്നിവരെ ജയ്ഷെയുടെ ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെടുത്തിയതായുള്ള വിവരം വിദേശ രഹസ്യാന്വേഷണ ഏജൻസിയാണു ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിനും രഹസ്യാന്വേഷണ ഏജൻസിക്കും കൈമാറിയത്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്ഷെ നേതാവ് ഷംഷേർ വാണിയും മറ്റൊരാളും തമ്മിലുള്ള ആശയവിനിമയം ചോർത്തിയതിൽനിന്നാണു വിവരം ലഭിച്ചത്.

വ്യോമസേനാത്താവളങ്ങളിൽ ചാവേറാക്രമണമാണ് സംഘം ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കഴിഞ്ഞ 10ന് ബ്യൂറോ ഒഫ് സിവിൽ ഏവിയേഷന് ഹിന്ദിയിൽ എഴുതിയ ഒരു ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെയാണ് പുതിയ ആക്രമണസാദ്ധ്യതാ വിവരങ്ങൾ പുറത്തുവരുന്നത്. ഷംഷേർ വാണിയുടെ പേരിൽ വന്ന കത്തിന്റെ ഉള്ളടക്കം കാശ്മീർ വിഷയത്തിലെ പ്രതികാരം വീട്ടലായിരുന്നു എന്നാണ് വിവരം. മോദിയുടെ മണ്ഡലമായ വാരണാസിയിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ ജയ്ഷെ പദ്ധതി തയ്യാറാക്കിയതായും വാരണാസിയിൽ സംഘടനയ്ക്കു താവളമുണ്ടാക്കാൻ ജയ്ഷെ ശ്രമിക്കുന്നതായും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. മാത്രമല്ല, ബാലാകോട്ട് എയർസ്ട്രൈക്കിൽ ഇന്ത്യ നശിപ്പിച്ച പാകിസ്ഥാനിലെ ഭീകരത്താവളം വീണ്ടും പ്രവർത്തനസജ്ജമായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം, ജയ്ഷെ ഭീഷണിയെക്കുറിച്ചു വിവരം ലഭിച്ച സാഹചര്യത്തിൽ അജിത് ഡോവലിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. സർജിക്കൽ സ്‌ട്രൈക്കിനും ബാലാകോട്ട് ആക്രമണത്തിനും ശേഷം ഡോവലിനെതിരെ വൻ ഭീഷണിയാണ് ഉയർന്നിരിക്കുന്നത്.