ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പിടിയിലായ ഹണിട്രാപപ്പ് സംഘത്തിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തിയത് സംസ്ഥാനത്തെ പ്രമുഖരുടെ നാലായിരത്തോളം വീഡിയോദൃശ്യങ്ങൾ.. ജൂനിയർ ഉദ്യോഗസ്ഥരും മുതിർന്ന രാഷ്ട്രീയ നേതാക്കളും വി.ഐ.പികളും വ്യവസായികളും ഉൾപ്പെടെയുള്ളവരാണ് ഹണിട്രാപ്പിൽ കുടുങ്ങിയത്. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് ഹണിട്രാപ്പ് സംഘം പിടിയിലാകുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണി ട്രാപ്പ് തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.
നാലായിരത്തോളം ഫയലുകളാണ് കേസിൽ അറസ്റ്റിലായവരുടെ ലാപ്‌ടോപ്പിൽ നിന്നും മൊബൈൽ ഫോണിൽനിന്നുമായി ലഭിച്ചിരിക്കുന്നത്. യുവതികളുമായുള്ള സെക്സ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ, ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്നദൃശ്യങ്ങൾ, ഓഡിയോ ക്ലിപ്പുകൾ തുടങ്ങി നാലായിരത്തോളം ഡിജിറ്റൽ തെളിവുകളാണ് ഇതുവരെ കണ്ടെത്തിയത്.
മെമ്മറി കാർഡുകളിൽനിന്ന് സംഘം മായ്ച്ചുകളഞ്ഞ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഇതു കൂടി ലഭിച്ചാൽ ഡിജിറ്റൽ ഫയലുകളുടെ എണ്ണം 5000 കടന്നേക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
പുരുഷന്മാരെ വശീകരിക്കുന്ന സ്ത്രീകൾ കിടപ്പറ പങ്കിടാൻ ക്ഷണിക്കുകയും ദൃശ്യങ്ങൾ ഒളിക്യാമറയിൽ ചിത്രീകരിക്കുകയുമാണ് ആദ്യഘട്ടം. ഇവ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു മാഫിയാ സംഘത്തിന്റെ പ്രധാന പ്രവർത്തനം. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ എൻജിനീയർ ഹർഭജൻ സിംഗ് എന്ന യുവാവിന്റെ പരാതിയാണ് സംഘത്തെ കുടുക്കിയത്. 3 കോടി രൂപ ആവശ്യപ്പെട്ട് സംഘം തന്നെ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി ഹർഭജൻ സിംഗ് പൊലീസിനെ സമീപിക്കുകയായിരുന്നു. പണം നൽകാനെന്ന വ്യാജേന യുവതികളെ വിളിച്ച് വരുത്തി പൊലീസ് തന്ത്രപരമായി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത രണ്ട് സ്ത്രീകളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർക്ക് പിന്നിൽ വൻറാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമായത്.
‘ഇരകളിൽ’ സമുന്നതരായ രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും വ്യവസായികളും ഉൾപ്പെട്ടെന്നത് ഏവരെയും ഞെട്ടിച്ചു. ആർതി ദയാൽ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ൻ (38), ശ്വേതാ സ്വപ്നിയാൽ ജെയ്ൻ (48), ബർഖ സോണി (34), ഓം പ്രകാശ് കോറി (45) എന്നിവരാണ് ഇതുവരെ പിടിയിലായത്.
ആർതി ദയാൽ, മോണിക്ക യാദവ്, ശ്വേത വിജയ് ജെയ്ൻ, ശ്വേത സ്വപ്നിയാൽ ജെയ്ൻ, ബർഖ സോണി എന്നിവർക്കു മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുണ്ടായിരുന്നതായാണ് വിവരം. എട്ടുമാസം മുമ്പ് ഭർത്താവിനെതിരെ സ്ത്രീധനപീഡനക്കേസ് നൽകി വീടു വിട്ടിറങ്ങിയ ആർതി ദയാലാണു ശ്വേതയുമായി ചേർന്ന് തട്ടിപ്പിനടത്താൻ പദ്ധയിടുന്നത്..
ഭോപാലിലെ ഐഎഎസ് ഓഫിസറുമായുള്ള അടുപ്പം പെൺമാഫിയ സംഘത്തിനു വേരോട്ടമുണ്ടാക്കി. സർക്കാരിന്റെ നിരവധി സ്കീമുകളും ഫണ്ടുകളും ആർതി ദയാലിന്റെ എൻ.ജി.ഒയ്ക്കായി തരപ്പെടുത്തിയിരുന്നത് ഈ ഐ..എ..എസ് ഉദ്യോഗസ്ഥനായിരുന്നു. 2013, 2018 വർഷങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുളിൽ ബി.ജെ.പിയുടെ മുഖ്യപ്രചാരകയായിരുന്നു ശ്വേത വിജയ് ജെയ്ൻ എന്നു ദൃശ്യങ്ങൾ സഹിതം മദ്ധ്യപ്രദേശ് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരുണോദോയ് ചൗബ ആരോപിച്ചു. ബിജെപിയുടെ യുവജനവിഭാഗമായ യുവമോർച്ചയുമായി ശ്വേതയ്ക്കു ബന്ധമുണ്ടെന്നു കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും ആരോപിച്ചു.
സംഘത്തിലെ രണ്ടാം നേതാവായ ശ്വേത സ്വപ്നിയാൽ ജെയ്നിന്റെ ബന്ധം ബി.ജെ.പി എം.എൽ.എയും മുൻ മന്ത്രിയുമായ ബിജേന്ദ്ര പ്രതാപ് സിങ്ങുമായിട്ടായിരുന്നു. സിങ്ങിന്റെ ബംഗ്ലാവിലായിരുന്നു ശ്വേതയുടെ താമസം. 35,000 രൂപ വാടക കൊടുത്താണ് അവിടെ കഴിഞ്ഞിരുന്നതെന്നാണു വാർത്തകൾ. ബ്രോക്കർ മുഖേനയാണു വീട് വാടകയ്ക്ക് നൽകിയതെന്നും ഇവർ ഇതേ കോളനിയിലെ മറ്റൊരു വീട്ടിൽ കുറച്ചുനാൾ താമസിച്ചിരുന്നതിനാൽ കൂടുതൽ അന്വേഷണങ്ങൾ നടത്തിയില്ലെന്നുമാണു ബിജേന്ദ്ര പ്രതാപ് സിങ് പറയുന്നത്.
ബി.ജെ.പി എം.എൽ.എ ദിലീപ് സിങ്ങ് പരിഹാറിന്റെ വിട്ടീലാണു മുൻപ് ഇവർ താമസിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്. നിമാറിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകയാണ് ബർഖ സോണി. കോൺഗ്രസിന്റെ സംസ്ഥാന ഐടി സെൽ അംഗമായ ഇവരുടെ ഭർത്താവിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.