ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ ഒന്നായ അരൂരിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായ മനു സി. പുളിക്കൽ സ്ഥാനാർത്ഥിയാകും. ഇടതുപക്ഷത്തിന് സിറ്റിംഗ് സീറ്റുള്ള ഏക മണ്ഡലം കൂടിയാണ് അരൂർ. ഇന്നുച്ചയ്ക്ക് ആലപ്പുഴയിൽ ചേർന്ന രണ്ടു മണിക്കൂറോളം നീണ്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാർത്ഥിയായി മനുവിന്റെ പേര് നിർദ്ദേശിക്കപ്പെട്ടത്.
ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് മനു സി. മോഹൻ. പലരുടേയും പേര് യോഗത്തിൽ ഉയർന്നുവന്നിരുന്നുവെങ്കിലും എല്ലാ ഘടകങ്ങളും അനുകൂലമായിരുന്നതിനാലാണ് മനുവിന്റെ പേര് ഒടുവിൽ നിർദ്ദേശിക്കപ്പെട്ടത്. പൊതുമരാമത്ത് മന്ത്രിയായ ജി.സുധാകരൻ യോഗത്തിന്റെ തുടക്കം മുതൽ തന്നെ മനുവിനെ പിന്താങ്ങിയതും ഈ തീരുമാനത്തെ സഹായിച്ചു.
ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ച സ്ഥാനാർത്ഥിയുടെ കാര്യം ഇനി പരിഗണിക്കുന്നത് അരൂർ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. ഇതിനുശേഷം സംസ്ഥാന ഘടകത്തിന്റെ അംഗീകാരത്തിനായി അയക്കും. സിറ്റിംഗ് എം.എൽ.എയായ എം.എ ആരിഫ് ലോകസഭയിലേക്ക് വിജയിച്ച് കയറിയതോടെയാണ് അരൂർ നിയമസഭാ സീറ്റിൽ ഒഴിവ് വരുന്നത്. വയലാർ സ്വദേശിയായ മനു എസ്.എൻ കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകനായാണ് രാഷ്ട്രീയ രംഗത്തേക്ക് വരുന്നത്.
അതേസമയം എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഹൈക്കോടതി അഭിഭാഷകനായ അഡ്വ. മനു റോയിയും മത്സരിക്കും. മാദ്ധ്യമപ്രവർത്തകനായ സെബാസ്റ്റിയൻ പോളിന് ശേഷം ഇത് രണ്ടാം തവണയാണ് ഒരു സ്വതന്ത്രനെ സി.പി.എം എറണാകുളത്ത് രംഗത്തിറക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ.വി തോമസോ, ടി.ജെ വിനോദോ മത്സരിക്കാൻ സാധ്യതയുള്ളതിനാലാണ് ലത്തീൻ സമുദായാംഗമായ മനു റോയിയെ സി.പി.എം രംഗത്തിറക്കുന്നതെന്നാണ് വിവരം.