കൊല്ലം: മാതാ അമൃതാനന്ദമയിയുടെ അറുപത്തിയാറാം ജന്മദിനം പ്രമാണിച്ച് ഗ്രാമീണ മേഖലയിലെ സുസ്ഥിര വികസനത്തിന് പ്രയോജനപ്പെടുന്ന ഗവേഷണം നടത്തുന്ന നൂറുപേർക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപവരെ സ്കോളർപ്പിപ്പ് നൽകുമെന്ന് ആശ്രമം അധികൃതർ അറിയിച്ചു. ഏതുരാജ്യത്തുള്ളവർക്കും ഇ ഫോർ ലൈഫ് എന്ന സ്കോളർഷിപ്പിന് അർഹതയുണ്ട്. ഇതിനായി അമൃത സ്‌കൂൾ ഒഫ് സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് എന്ന സ്ഥാപനം തുടങ്ങും. ഇതിലൂടെ അർഹരെ കണ്ടെത്തി ഉപകാരപ്രദമായ പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് ലക്ഷ്യം .
പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ ബലികഴിച്ച 40 സി. ആർ. പി. എഫ് ഭടൻമാരുടെ ആശ്രിതർക്ക് നാളെ നടക്കുന്ന ജൻമദിനാഘോഷ ചടങ്ങിൽ അഞ്ചു ലക്ഷം രൂപ വീതം കൈമാറും.
ഈ വർഷം ഉണ്ടായ പ്രളയത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട 120 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകും .
കേരളത്തിന് വേണ്ടി സാങ്കേതിക വിദ്യാ സഹായ കേന്ദ്രം ആരംഭിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പുമായി യോജിച്ച് അമൃതപുരി കാമ്പസിൽ ടെക്‌നോളജി എനേബിളിംഗ് സെന്ററിന് നാളത്തെ ചടങ്ങിൽ തുടക്കം കുറിക്കും. നൂറ് ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകും.
2018ലെ അമൃതകീർത്തി പുരസ്‌കാരം കെ.ബി. ശ്രീദേവിക്കും 2019ലെ പുരസ്‌കാരം വട്ടപ്പറമ്പിൽ ഗോപിനാഥ പിള്ളയ്ക്കും നൽകും.