marad-flat-

കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമിച്ച കമ്പനികൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച്. മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്ക്ക് നിർദേശം നൽകിയിരുന്നു. ഫ്ലാറ്റ് പൊളിക്കുമ്പോൾ താമസക്കാർക്കുണ്ടാകുന്ന നഷ്ടം ഫ്ലാറ്റ് നിർമാതാക്കളിൽ നിന്ന് ഈടാക്കാനാണ് സർക്കാർ നീക്കം.

മരടിൽ അനധികൃതമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കുന്ന നടപടികളിലേക്ക് നീങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകാതെയാകും ഫ്ലാറ്റുകൾ പൊളിച്ചു നീക്കുക. ഒക്ടോബർ ആദ്യവാരത്തോടെ ഫ്ലാറ്റുകൾ പൊളിക്കുന്ന നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഫ്ലാറ്റിലെ വൈദ്യുതി ബന്ധം നാളെ വിച്ഛേദിക്കും. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഫ്ലാറ്റിലെത്തി നോട്ടീസ് പതിച്ചു.

വാട്ടർ അതോറിട്ടിയും നോട്ടീസ് നല്‍കിയിട്ടുണ്ട്. മറ്റന്നാൾ മുതൽ ഫ്ലാറ്റുകളിൽ കുടിവെള്ള വിതരണവും തടസപ്പെടും. സുപ്രീം കോടതിയിൽനിന്നു കടുത്ത വിമർശനം കേട്ടതിനു പിന്നാലെയാണു ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള നടപടികൾ സർക്കാർ ഊർജിതമാക്കിയത്. ഫ്ലാറ്റുകളുടെ പരിസരത്ത് കർശന പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.