ന്യൂയോർക്ക്: ഇന്ത്യയുടെ വ്യവസായ പങ്കാളിയാകുകയെന്നത് സുവർണാവസരമാണെന്ന് ചൂണ്ടിക്കാട്ടി വിദേശനിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
കഴിഞ്ഞ അഞ്ചുവർഷം മോദി ഭരണത്തിൻ കീഴിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ ക്ഷണം.
ബ്ളൂംബെർഗിൽ നടന്ന ആഗോള ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിങ്ങളുടെ മോഹങ്ങളും ഞങ്ങളുടെ സ്വപ്നങ്ങളും പരസ്പരപൂരകങ്ങളാണ്. നിങ്ങളുടെ സാങ്കേതികവിദ്യയും ഞങ്ങളുടെ കഴിവും ഒരുമിച്ചാൽ ഈ ലോകംതന്നെ മാറ്റിമറിക്കാം. നിങ്ങളുടെ മാനദണ്ഡവും ഞങ്ങളുടെ കഴിവും ആഗോള സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തും... ഇതിൽ എന്തെങ്കിലും വിടവുണ്ടായാൽ, ഞാൻ പാലമാകും. പോരായ്മയുണ്ടായാൽ പരിഹരിക്കും."- മോദി പറഞ്ഞു.
ഇന്ത്യൻ വിപണിയെ മെച്ചപ്പെടുത്തുന്നതിൽ നേരിട്ടുള്ള വിദേശനിക്ഷേപം പ്രധാന പങ്കുവഹിക്കുമെന്നാണ് വിലയിരുത്തുന്നത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സാമ്പത്തിക മേഖലയിൽ 3,55,230 കോടി രൂപയുടെ (5 ട്രില്യൻ ഡോളർ) വിദേശനിക്ഷേപം എത്തിക്കുകയെന്നതാണ് മോദിയുടെ പ്രഖ്യാപിത ലക്ഷ്യം. ഇതിന്റെ ഭാഗമായി രണ്ടാംതവണ ഭരണത്തിലെത്തിയപ്പോൾ നിക്ഷേപ നിയമങ്ങളിൽ ഇളവുകൾ വരുത്തിയിരുന്നു. നികുതി ഇളവുകളിലൂടെ കോർപ്പറേറ്റുകളെ തൃപ്തിപ്പെടുത്തി. ഇത് പുതിയ നിക്ഷേപകരെ നിർമ്മാണമേഖലയിലേക്ക് ആകർഷിക്കുമെന്നും മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ വളർച്ച ത്വരിതപ്പെടുത്തുമെന്നും ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞിരുന്നു.