gulf-

ദുബായ് ∙ യു.എ.ഇയുടെ പ്രഥമ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂറി ഉൾപ്പെടുന്ന സോയുസ് എം.എസ് 15 പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ആരംഭിച്ചു. ഇന്ന് വൈകിട്ട് 5.57ന് കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്ന് റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക, യു.എസിലെ ജെസീക്ക മീർ എന്നിവരാണ് ഹസ്സയുടെ സഹയാത്രികർ. ഒക്ടോബർ 4നാണ് നിലയത്തിൽ നിന്നുള്ള മടക്കയാത്ര. ഇതോടെ ബഹിരാാശനിലയത്തിൽ സാന്നിദ്ധ്യമറിയിക്കുന്ന 19ാമത്തെ രാജ്യമായി യു.എ.ഇ മാറി.


ബഹിരാകാശ നിലയത്തിലേക്ക് വിശുദ്ധ ഖുറാനുമായാണ് ഹസ്സ അൽ മൻസൂറിയുടെ യാത്ര. പട്ടുകൊണ്ടുള്ള യു.എ.ഇ പതാക, രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അപ്പോളോ 17 ടീമിനൊപ്പം നിൽക്കുന്ന ചിത്രം, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആത്മകഥയായ 'ഖിസ്സതി', സ്വദേശി ഭക്ഷണം, കുടുംബാംഗങ്ങളുടെ ചിത്രങ്ങളടക്കമുള്ള സ്വകാര്യ സാധനങ്ങൾ, ചൊവ്വാ ദൗത്യത്തിനും മറ്റുമുള്ള ഗവേഷണ സാമഗ്രികൾ, ഗാഫ് മരത്തിന്റെ 30 വിത്തുകൾ എന്നിവയും ഒപ്പം കരുതുന്നുണ്ട്. ബഹിരാകാശത്ത് ഹസ്സയുടെ അറേബ്യൻ വിരുന്നുമുണ്ടാകും. സഹയാത്രികരും ബഹിരാകാശ നിലയത്തിൽ ഉള്ളവരും 'അത്താഴവിരുന്നിൽ' പങ്കെടുക്കും. സ്വദേശി വിഭവങ്ങളായ മദ് രൂബ, സലൂന, ബലാലീത് എന്നിവയാണ് വിളമ്പുക.

യു.എ.ഇയിൽ നിന്നുള്ള 4022 അപേക്ഷകരിൽ നിന്നാണ് ഹസ്സ അൽ മൻസൂരിയെ ബഹിരാകാശ യാത്രയ്ക്ക് തിരഞ്ഞെടുത്തത്. ഖലീഫ ബിൻ സായിദ് എയർ കോളേജിൽ നിന്നു വ്യോമശാസ്ത്രത്തിലും സൈനിക വ്യോമ പഠനത്തിലും ബിരുദം കരസ്ഥമാക്കിയ ഹസ അല്‍ മന്‍സൂരിക്ക് ബഹിരാകാശ മേഖലയിൽ 15 വർഷത്തെ പരിചയവും രാജ്യാന്തര പരിശീലനവും ലഭിച്ചിട്ടുണ്ട്.