തേക്കടി: ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ റിസോർട്ടിനുള്ള ഈ വർഷത്തെ സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ്സ് (സാറ്റ)​ തേക്കടിയിലെ പൊയട്രീക്ക് ലഭിച്ചു. ശ്രീലങ്കയിലെ അമാരി ഗോൾ ഹോട്ടലിൽ നടന്ന ചടങ്ങിൽ റിസോർട്ടിന്റെ ജനറൽ മാനേജർമാരായ സെന്തിൽ തങ്കവേലും ക്രിയേറ്റീവ് ഡയറക്‌ടർ സുനിൽ ശിവശങ്കറും ചേർന്ന് സ്വീകരിച്ചു.

പൊയട്രീയുടെ,​ പരിസ്ഥിതിയെ സംരക്ഷിച്ചുള്ള മാതൃകാപരമായ ചുവടുവയ്‌പ്പുകൾക്ക് ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് പൊയട്രീ സരോവർ പോർട്ടിക്കോ മാനേജിംഗ് ഡയറക്‌ടർ ആർ. രഘുനാഥ് പറ‌ഞ്ഞു. ദക്ഷിണേഷ്യയിലെ അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറിലേറെ എൻട്രികളിൽ നിന്നാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. പൊയട്രീയെ തേടിയെത്തുന്ന സാറ്രയുടെ മൂന്നാമത്തെയും ദേശീയ-അന്തർദേശീയ തലത്തിലെ നാലാമത്തെയും പുരസ്‌കാരമാണിത്.

2017ൽ മികച്ച റൊമാന്റിക് റിസോർട്ടിനും 2018ൽ മികച്ച വൈൽഡ് റിസോർട്ടിനുമുള്ള പുരസ്‌കാരങ്ങൾ പൊയട്രീ നേടിയിരുന്നു. 2015ൽ ദക്ഷിണേന്ത്യയിലെ മികച്ച ഹോളിഡേ അക്കോമഡേഷൻ ഇന്ത്യ ഹോസ്‌പിറ്റാലിറ്റി അവാർഡും ലഭിച്ചിരുന്നു. കൊണ്ടേ നാസ്‌റ്ര് ട്രാവലറുടെ ടോപ്പ് ട്വന്റി ഫാമിലി റിസോർട്ട് പട്ടികയിലും പൊയട്രീ ഇടംപിടിച്ചിരുന്നു.