പത്തനംതിട്ട : ഡി.വൈ.എഫ്.ഐ സം സ്ഥാന വൈസ് പ്രസിഡന്റ് കെ.യു .ജനീഷ് കുമാർ കോന്നിയിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയാകും. ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. യുവജനക്ഷേമ ബോർഡ് അംഗവുമാണ് ജനീഷ് കുമാർ. 27ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഔദ്യോഗികമായി പ്രഖ്യാപനം നടത്തും ജില്ലാ സെക്രട്ടേറിയറ്റിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ .എൻ . ബാലഗോപാൽ, കെ. ജെ. തോമസ് എന്നിവരാണ് ജനീഷ് കുമാറിനെ നിർദ്ദേശിച്ചത്. ഇതിനെ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു എതിർത്തതായി അറിയുന്നു. കോന്നിയിലെ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച് ഒന്നുമറിയാത്തവരുടെ തീരുമാനമാണിതെന്ന് ഉദയഭാനു യോഗത്തിൽ പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റിലെ അഞ്ച് അംഗങ്ങൾ ഉദയഭാനുവിനെ അനുകൂലിച്ചു. നേരത്തെ പുറത്തുവന്ന സാദ്ധ്യതാ പട്ടികയിൽ ഉദയഭാനുവിനായിരുന്നു മുൻഗണന. എം.എസ്.രാജേന്ദ്രൻ, ജനീഷ് കുമാർ എന്നിവരും പട്ടികയിലുണ്ടായിരുന്നു.