byelection-

കൊച്ചി: സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ സി.പി.എമ്മിൽ ഏകദേശ ധാാരണയായി. യു.ഡി.എഫിലും ബി.ജെ.പിയിലും സ്ഥാനാർത്ഥികളെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുമ്പോഴാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം കൊടുത്തത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയം ആവർത്തിക്കരുതെന്ന് ജില്ലാഘടകങ്ങളോട് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ വിജയസാദ്ധ്യത മാത്രമാവണമെന്നതായിരുന്നു കർശന നിർദേശം. ഇതെല്ലാം ഉൾക്കൊണ്ടുകൊണ്ടാണ് ഇത്തവണത്തെ ഇടതുസ്ഥാനാർത്ഥികളുടെ സ്ഥാനാർത്ഥിത്വം. യുവനിരയാണ് പട്ടികയിൽ തെളിഞ്ഞുനിൽക്കുന്നത്.

മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി സി.എച്ച്. കുഞ്ഞമ്പുവിനെ മാ​റ്റിനിർത്തിയാൽ മ​റ്റെല്ലാവരും യുവാക്കലാണ്. സ്ഥാനാർത്ഥികളിൽ രണ്ട് പേർ ഡി.വൈ.എഫ്‌.ഐയുടെ സംസ്ഥാന ഭാരവാഹികളാണ്. വട്ടിയൂർക്കാവിൽ മേയർ വി.കെ. പ്രശാന്താണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. എറണാകുളത്ത് ശ്രദ്ധേയനായ അഭിഭാഷകൻ മനു റോയ് ആണ് സ്ഥാനാർത്ഥി.

എൽ.ഡി.എഫ് ഏറെ പിന്നിൽ നിൽക്കുന്ന വട്ടിയൂർക്കാവിൽ ഇത്തവണ വി.കെ. പ്രശാന്തിനെ രംഗത്തിറക്കിയതാണ് ശ്രദ്ധേയമായ നീക്കം. മണ്ഡലത്തിന്റെ സാമുദായികഘടനയും പ്രാദേശിക ഘടകങ്ങളും അവഗണിച്ച് മേയറുടെ വ്യക്തിപ്രഭാവം വോട്ടാകുമെന്ന വിശ്വാസത്തിലാണ് സി.പി.എം.

കോന്നിയിലും ഒരു പുതുമുഖത്തെയാണ് സി.പി.എം രംഗത്തിറക്കുന്നത്. ഡി.വൈ.എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജനീഷ് കുമാറാകും ഇവിടെ സി.പി.എം സ്ഥാനാർത്ഥി. അരൂരിൽ ജില്ലാ സെക്രട്ടറിയേ​റ്റ് അംഗവും ഡി.വൈ.എഫ്‌.ഐയുടെ മ​റ്റൊരു വൈസ് പ്രസിഡന്റുമായ മനു സി.പുളിക്കലിനെയാണ് സി.പി.എം സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. മുൻ ജില്ലാ സെക്രട്ടറി സി.ബി.ചന്ദ്രബാബു അടക്കം സാദ്ധ്യതാ പട്ടികയിലുണ്ടായിട്ടും മന്ത്റി ജി.സുധാകരൻ നൽകിയ ഉറച്ച പിന്തുണയാണ് മനുവിന് തുണയായത്.

എറണാകുളത്ത് ലത്തീൻ സമുദായംഗമായ യുവ അഭിഭാഷകൻ മനു റോയ് ഇടതു സ്വതന്ത്റനായി മത്സരിക്കും. മഞ്ചേശ്വരത്ത് കന്നഡ മേഖലയിൽ സ്വാധീനമുള്ള ജയാനന്ദയുടെ പേര് സജീവമായി ചർച്ചചെയ്യപ്പെട്ടെങ്കിലും ഒടുവിൽ സി.പി.എം എത്തിയത് മുൻ മഞ്ചേശ്വരം എം.എൽ.എയായ സി.എച്ച്. കുഞ്ഞമ്പുവിലാണ്.