news
അപകടത്തിന് കരണമായ ബസ്സ്

പേരാമ്പ്ര : അമിത വേഗതയിൽ സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന ബസിടിച്ച് വീട്ടമ്മ മരിച്ചു. കായണ്ണ കക്കുടുമ്പിൽ മീത്തൽ പരേതനായ മാധവന്റെ ഭാര്യ ദേവി (53) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പേരാമ്പ്ര സ്റ്റാൻഡിലായിരുന്നു സംഭവം. സ്ത്രീയെ ഇടിച്ചിട്ട ശേഷം മുന്നോട്ടെടുത്ത ബസിന്റെ മുൻവശത്തെ ടയർ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. കുറ്റിയാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുന്ന എ..സി ബ്രദേഴ്‌സ് ബസാണ് ഇടിച്ചത്. സംഭവത്തെ തുടർന്ന് ഡ്രൈവറും ബസ് ജീവനക്കാരും ഓടി രക്ഷപ്പെടുകയായിരുന്നു. രോഷാകുലരായ നട്ടുകാർ റൂട്ടിലെ ബസുകൾ തടഞ്ഞു. ഗതാഗതം തടസപ്പെട്ടതോടെ പേരാമ്പ്ര സബ് ഇൻസ്‌പെക്ടർ പി.എസ്. ഹരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

എന്നാൽ മരിച്ച സ്ത്രീയുടെ ബന്ധുക്കളും നാട്ടിൽ നിന്നെത്തിയവരും ചേർന്ന് പേരാമ്പ്ര ബസ് സ്റ്റാൻഡിലും മുളിയങ്ങലിലും കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസുകൾ തടയുകയായിരുന്നു. ഇവരെ നീക്കുന്നതിനിടെ ലാത്തി ചാർജ്ജും ഉണ്ടായി. അപകടത്തിനിടയാക്കിയ ബസ് ജീവനക്കാരുടെ പേരിൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ദേവിയുടെ മൃതദേഹം ഇ.എം.എസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ഷിനിജ, ഷിനീഷ് (യു എസ് എ). മരുമകൻ: സന്തോഷ് (കൂത്താളി).