വന്യജീവികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കണമെന്ന് പറയുന്നതിന് ഒരു കാരണമുണ്ട്. അവയുടെ മനസിലൂടെ പോകുന്നത് എന്തായിരിക്കുമെന്ന് മനുഷ്യന് ഒരിക്കലും കൃത്യമായി തിരിച്ചറിയാൻ കഴിയില്ല എന്നതാണ് ആ കാരണം. അതിനാൽ തന്നെ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യുകയും അവയോടു ഇടപഴകുകയും ചെയ്യുന്നവർക്ക് ഏത് നിമിഷവും അപകടം വന്ന് ഭവിക്കാം. അത്തരത്തിൽ അശ്രദ്ധമായി ഒരു പാമ്പിനെ കൈകാര്യം ചെയ്ത ഒരു യുവാവിന് സംഭവിച്ച അപകടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അണലിയെന്ന് എന്ന് തോന്നിക്കുന്ന ഒരു പാമ്പിനെ കൈയിൽ വച്ച് ഒരാൾ 'കളിക്കുന്ന'തും ഒടുവിൽ കളി കാര്യമായി പാമ്പ് അയാളുടെ തലയിൽ തന്നെ വിടാതെ കടിച്ച് പിടിച്ചിരിക്കുന്നതുമായ ഒരു വീഡിയോ ആണ് മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇയാൾ കൈയിൽ മുറുക്കെ പിടിച്ചിരിക്കുന്ന പാമ്പ് പലതവണ കടിക്കാൻ ഓങ്ങുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ അത് പോരാതെ ഇയാൾ പാമ്പിനെ തന്റെ നെറ്റിയോട് ചേർക്കുമ്പോഴാണ് അത് തലയിൽ കടിക്കുന്നത്. പാമ്പിന്റെ കടി വിടുവിക്കാനാകാതെ യുവാവ് ബുദ്ധിമുട്ടുന്നതും വീഡിയോയിൽ കാണാം. 'പാമ്പിനോട് കളിക്കുമ്പോൾ സൂക്ഷിക്കണം' എന്ന തലക്കെട്ടോടെ 'റെപ്ടൈൽ ഹണ്ടർ' എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.