messi-injury
messi injury

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ വിയ്യാറയാലിനെതിരായ വിജയത്തിലും ആശങ്കയിലാഴ്ന്ന് ബാഴ്‌സലോണ. മത്സരത്തിനിടെ സൂപ്പർ താരം ലയണൽ മെസിക്കു പരിക്കേറ്റതാണ് ബാഴ്‌സ ക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്നത്.സീസണിന്റെ തുടക്കത്തിലേറ്റ പരിക്കിൽ നിന്നു മോചിതനായി ആദ്യ ഇലവനിൽ ഇറങ്ങിയ മത്സരത്തിലാണ് മെസിക്കു വീണ്ടും പരുക്കേറ്റത്. വിയ്യാറയാലിനെതിരെ ആദ്യ പകുതിയിൽ തുടയ്ക്കു പരുക്കേറ്റ മെസി രണ്ടാം പകുതിയിൽ കളിക്കാനിറങ്ങിയിരുന്നില്ല. നേരത്തെ സീസണ്‍ തുടക്കത്തിൽ പരുക്കേറ്റ മെസി കഴിഞ്ഞ ആഴ്ചയാണ് തിരിച്ചെത്തിയിരുന്നത്. ചാമ്പ്യൻസ് ലീഗിൽ ബൊറൂഷ്യ ഡോർട്ട്മുണ്ടിനും ലാ ലിഗയിൽ ഗ്രനാഡയ്ക്കുമെതിരായ മത്സരങ്ങളിൽ മെസി കളിച്ചിരുന്നു. തുടർതോൽവികളിൽ ടീം പ്രതിസന്ധി നേരിടുമ്പോൾ മെസിക്ക് നിരന്തരം പരിക്കേൽക്കുന്നത് ആരാധകരെ വിഷമിപ്പിക്കുന്നുണ്ട്.

സ്വന്തം തട്ടകത്തിൽനടന്ന മത്സരത്തിലാണ് വിയ്യാറയാലിനെ ബാഴ്‌സ തോല്‍പിച്ചത്. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ജയം. മത്സരത്തിന്റെ ആറാം മിനിട്ടിൽ ലീഡ് നേടാൻ ബാഴ്സയ്ക്കായി. മെസി നല്‍കിയ ക്രോസില്‍ തലവച്ചു അന്റോയിന്‍ ഗ്രീസ്മാനാണ് ലീഡ് സമ്മാനിച്ചത്. മെസി-ഗ്രീസ്മാൻ കൂട്ടുകെട്ടിലെ ആദ്യ ഗോളായിരുന്നു ഇത്. ആദ്യ പകുതിയിൽ തന്നെ ലീഡ് വർദ്ധിപ്പിക്കാനും അവർക്കായി .15-ാം മിനിറ്റിൽ ലോങ് റേഞ്ചറിലൂടെ ബ്രസീലിയന്‍ യുവതാരം ആർതർ മെലോയാണ് ബാഴ്‌സയുടെ രണ്ടാം ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കും മുമ്പേയാണ് വിയ്യാറയാൽ ഒരു ഗോൾമടക്കിയത്. ഈ വിജയത്തോടെ ആറു മത്സരങ്ങളിർ നിന്ന് 10 പോയിന്റുമായി. ലീഗിൽ നാലാം സ്ഥാനത്തെത്താൻ ബാഴ്‌സയ്ക്കായി. ആറു മത്സരങ്ങളിൽ നിന്ന് 11 പോയിന്റുള്ള ഗ്രനാഡയാണ് ലീഗില്‍ ഒന്നാമത്.

യുവന്റസ് ഒന്നാമത്
റോം: ഇറ്റാലിയന്‍ സെരി എയിൽ നിലവിലെ ജേതാക്കളായ യുവന്റസ് ബ്രെഷ്യയ്ക്കെതിരായ തകർപ്പൻ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതേക്ക് തിരിച്ചെത്തി. ക്രിസ്റ്റിയാനോ റൊണാൾഡോയില്ലാതെ ഇറങ്ങിയ അവർ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ബ്രെഷ്യയെ തോല്‍പിച്ചത്.
മത്സരത്തിന്റെ നാലാം മിനിട്ടിൽ ലീഡ് വഴങ്ങിയ ശേഷമാണ് യുവെ തിരിച്ചടിച്ചത്.
ആർഫ്രെഡോ ഡൊണ്ണാരുമ്മയിലൂടെ ബ്രെഷ്യയാണ് ലീഡ് നേടിയത്. ഇടവേളയ്ക്കു തൊട്ടുമുമ്പ് ബ്രെഷന്ത താരം യോൺ ചാൻസിലറുടെ സെൽഫ് ഗോൾ യുവന്റസിനു സമനില സമ്മാനിച്ചു.
63-ാം മിനിട്ടിൽ മിറാലെം യാനിക് നേടിയ ഗോളാണ് യുവന്റസിനു ജയമൊരുക്കിയത്.