രാവിലെ ഉന്മേഷം ലഭിക്കാൻ പലരും പല കാര്യങ്ങളാണ് ചെയ്യുക. ചിലർ കാപ്പിയും ചായയും കുടിക്കും, ചിലർ വ്യായാമം ചെയ്യും. മറ്റുചിലരാകട്ടെ ഗ്രീൻ ടീ പോലുള്ള ഔഷധ പാനീയങ്ങൾ അകത്താക്കും. എന്നാൽ ഇക്കാര്യങ്ങളൊക്കെ ചെയ്യുമ്പോൾ കിട്ടുന്ന അതേ അളവിൽ, അല്ലെങ്കിൽ അതിൽ കൂടുതൽ ഉന്മേഷം ലഭിക്കാനായി ചെയ്യാവുന്ന മറ്റൊരു കാര്യമുണ്ട്. പുലർച്ചെ തന്നെയുള്ള ലൈംഗിക ബന്ധം. ചിരിക്കാൻ വരട്ടെ. രാവിലെ ഇഷ്ടപ്പെട്ട പങ്കാളിയുമായി ഉണ്ടാകുന്ന ലൈംഗികബന്ധത്തിന് ഒരു ദിവസം മുഴുവൻ ഇരുവരെയും സന്തോഷത്തോടെ, ഉന്മേഷത്തോടെ നിലനിർത്താൻ സാധിക്കും. പുലർച്ചെ മനുഷ്യ ശരീരത്തിലെ ഹോർമോണുകളുടെ അളവ് സാധാരണയിലും കൂടുതലായിരിക്കും എന്നതാണ് കാരണം. ഇത് ലൈംഗിക ബന്ധം ഏറെ ആസ്വാദ്യകരമായി മാറ്റുകയും ചെയ്യും.
ഇങ്ങനെയുള്ള ലൈംഗിക ബന്ധം കാരണം സമ്മർദ്ദങ്ങളോ, ആശങ്കകളോ നിങ്ങളെ തൊട്ടു തീണ്ടുക പോലുമില്ല. മാത്രമല്ല, ദുർമേദസ് കുറയ്ക്കാനും പുലർച്ചെയുള്ള ലൈംഗിക ബന്ധം ഏറെ സഹായിക്കും. ലൈംഗിക ബന്ധം ഉണ്ടാകുമ്പോൾ അതിനായി ഒരു മിനിറ്റിൽ അഞ്ച് കലോറി വരെയാണ് മനുഷ്യശരീരം ഉപയോഗപ്പെടുത്തുന്നത്. അതായത്, നിങ്ങൾ ജോഗ്ഗിങ്ങിന് പോകുമ്പോൾ ശരീരത്തിൽ ബേൺ ചെയ്യപ്പെടുന്ന കലോറികളെക്കാൾ അധികം. ഇതിലൂടെ കൂടുതൽ ഊർജ്ജം ലഭിക്കുകയും ചെയ്യും. നിങ്ങൾ ഏറെ സ്നേഹിക്കുന്ന പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ദൃഡമാക്കാനും രാവിലെയുള്ള ലൈംഗിക ബന്ധത്തിലൂടെ സാധിക്കും. കൂടുതൽ ഹോർമോണുകൾ ശരീരം പുറത്ത് വിടുന്ന സമയമാണ് പുലർവേള എന്നതുകൊണ്ടാണിത്. 'സ്നേഹ' ഹോർമോണുകളായ ഓക്സിടോസിൻ ഇരുവരിലും കൂടുതലായി ഉത്പ്പാദിപ്പിക്കപ്പെടും എന്നതാണ് ഇതിനു കാരണം.