പിറവം : പിറവം സെന്റ് മേരീസ് വലിയ പള്ളിയിൽ സംഘർഷാവസ്ഥ. പള്ളിയ്ക്ക് അകത്ത് കയറിയ യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാൻ പൊലീസ് ശ്രമിച്ചതിനെതുടർന്നാണ് സംഘർഷാവസ്ഥ ഉണ്ടായത്..
പള്ളിയ്ക്ക് അകത്തുള്ള യാക്കോബായ വിഭാഗക്കാരും പള്ളിയ്ക്ക് പുറത്തുള്ള ഓർത്തഡോക്‌സ് വിഭാഗക്കാരും വീണ്ടും ഏറ്റുമുട്ടലിലെത്തുകയായിരുന്നു. സ്ഥലത്ത് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രിക്കാന്‍ പള്ളി വളപ്പിനകത്ത് പൊലീസ് കയറിയെങ്കിലും പിന്നീട് പിൻമാറി. പ്രശ്‌നക്കാരെന്ന് കണ്ടെത്തി പള്ളിയിൽ കയറുന്നതിന് ജില്ലാ കളക്ടർ വിലക്കേർപ്പെടുത്തിയ 67 യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാനാണ് പൊലീസ് ശ്രമിച്ചത്. യാക്കോബായ വിഭാഗത്തിന്റെ വൈദിക ട്രസ്റ്റി അടക്കമുള്ളവർക്ക് എതിരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് മാസത്തേക്കാണ് ഇവർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ ഓർത്തഡോക്‌സ് വിഭാഗക്കാർ പള്ളിയ്ക്ക് പുറത്ത് പന്തൽ കെട്ടി സമരത്തിലാണ്. പള്ളിയ്ക്ക് അകത്ത് യാക്കോബായ വിഭാഗക്കാര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച്, പള്ളിയ്ക്ക് അകത്ത് കയറി പ്രാർത്ഥന നടത്താൻ പൂർണ അവകാശമുണ്ടെന്നും അത് നടത്താതെ പിരിഞ്ഞുപോകില്ലെന്നുമാണ് ഓർത്തഡോക്‌സ് വിഭാഗക്കാരുടെ നിലപാട്. രാത്രി മുഴുവൻ ഇവിടെ തുടരുമെന്നാണ് ഓർത്തഡോക്‌സ് വിഭാഗക്കാർ പറയുന്നത്.
അതേസമയം പള്ളികൾ ഓർത്തഡോക്‌സ് വിഭാഗത്തിന് വിട്ടുനല്‍കിയ സുപ്രീംകോടതി ഉത്തരവിൽ പുനഃപരിശോധന വേണമെന്നും, ഓർത്തഡോക്‌സുകാരെ പള്ളികൾ പിടിച്ചടക്കാൻ അനുവദിക്കില്ലെന്നും യാക്കോബായക്കാർ പറയുന്നു.